ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശം; ഒ.ടി.ടി കരാറിന് താല്‍ക്കാലിക വിലക്ക്

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' മൂന്നാം ഭാഗത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കെ ചിത്രത്തിന്റെ റിലീസിന് വെല്ലുവിളിയായി നിയമക്കുരുക്ക്. മെയ് 21-ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി കരാറുകൾക്ക് ഡൽഹി ഹൈകോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയിരിക്കുകയാണ്. സിനിമയുടെ ഡിജിറ്റൽ അവകാശവുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് ആറ് ദിവസം മുമ്പ് വരെ. ഇത് നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്. ദൃശ്യം 3 ന്‍റെ ഡിജിറ്റല്‍ റൈറ്റ്സില്‍ അവകാശവാദം ഉന്നയിച്ച് ആമസോണ്‍ പ്രൈം വിഡിയോ നേരത്തേ രം​ഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ മാസം ആദ്യം പങ്കുവച്ച പ്രസ്താവനയില്‍ ദൃശ്യം 3 ന്‍റെ എക്സ്ക്ലൂസീവ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ക്കാണെന്ന് പ്രൈം വിഡിയോ വ്യക്തമാക്കിയിരുന്നു. 

തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റല്‍ റൈറ്റ്സ് സംബന്ധിച്ച മറ്റ് കരാറുകളില്‍ ഏര്‍പ്പെടുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഡിജിറ്റല്‍ അവകാശം തങ്ങള്‍ സ്വന്തമാക്കിയതെന്നും ഇതിലൂടെ ഈ റൈറ്റ്സ് വില്‍ക്കാനുള്ള അവകാശം നിര്‍മാതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രൈം വീഡിയോ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഡിജിറ്റല്‍ റൈറ്റ്സിലെ വിവിധ വിഭാ​ഗങ്ങളായ എസ്‍.വി.ഒ.ഡി, ടി.വി.ഒ.ഡി, എ.വി.ഒ.ഡി, എഫ്‍.വി.ഒ.ഡി, ഇ.എസ്.ടി റൈറ്റുകള്‍ തങ്ങള്‍ക്ക് സ്വന്തമാണെന്നും ഇവയുടെ തുടര്‍ന്നുള്ള വില്‍പനക്ക് ആശിര്‍വാദ് സിനിമാസ് അടക്കം മറ്റാര്‍ക്കും അവകാശമില്ലെന്നും പ്രൈം വിഡിയോ വ്യക്തമാക്കിയിരുന്നു. 

വസ്തുത ഇതാണെന്നിരിക്കെ മറ്റ് കക്ഷികളുമായി ചേര്‍ന്ന് പുതിയ കരാറുകള്‍ സൃഷ്ടിച്ചാല്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നഷ്ടം സംഭവിച്ചേക്കാമെന്നും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 

Tags:    
News Summary - Drishyam 3's digital rights; OTT deal temporarily banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.