ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരം ഐ.എം. വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന വാർത്ത കായിക-സിനിമാ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ കാപ്റ്റൻ വി.പി. സത്യന്റെ ജീവിതകഥ പറഞ്ഞ 'ക്യാപ്റ്റൻ' എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ നിന്നുള്ള മറ്റൊരു ഫുട്ബോൾ ബയോപിക് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രം, പന്തുകളിക്കാരനായും പൊലീസ് ഉദ്യോഗസ്ഥനായും നടനായും തിളങ്ങിയ വിജയന്റെ സംഭവബഹുലമായ കരിയറിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പദ്മശ്രീയും അർജുന അവാർഡും നൽകി രാജ്യം ആദരിച്ച ഈ പ്രതിഭയുടെ ജീവിതം കന്നഡയിലും മലയാളത്തിലുമായി വലിയ കാൻവാസിലാണ് നിർമിക്കപ്പെടുന്നത്. ഏപ്രിൽ 26ന് തൃശൂർ പൂരദിനത്തിൽ ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിങ്ങും വിജയനായി വേഷമിടുന്ന താരം ആരെന്ന വെളിപ്പെടുത്തലും ഉണ്ടാകുമെന്നാണ് സൂചന. കന്നഡയിലെ പ്രമുഖ നിർമാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
മുമ്പ് നിവിൻ പോളിയെ നായകനാക്കി വിജയന്റെ ജീവിതകഥ സിനിമയാക്കാൻ ചർച്ചകൾ നടന്നിരുന്നെങ്കിലും അത് യാഥാർത്ഥ്യമായിരുന്നില്ല. നിലവിൽ ടൊവിനോ തോമസിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കിലായ ഐ.എം. വിജയൻ ഒമർ ലുലു ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ്.
'കാലോ ഹരിൺ' എന്ന പേരിൽ നേരത്തെ അദ്ദേഹത്തിന്റെ ജീവിതം ഡോക്യുമെന്ററിയായി പുറത്തുവന്നിട്ടുണ്ടെങ്കിലും, ഒരു ഫീച്ചർ സിനിമ എന്ന നിലയിൽ ഐ.എം. വിജയന്റെ പോരാട്ടവീര്യം ഭാഷാഭേദമന്യേ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.