ഗായകൻ, സംഗീത സംവിധായകൻ എന്നിങ്ങനെ ഇന്ത്യൻ സംഗീത ലോകത്ത് ഏറ്റവുമധികം ചർച്ചയാകുന്ന പേരുകളിലൊന്നാണ് അനിരുദ്ധ് രവിചന്ദറിന്റേത്. നടൻ ധനുഷിന്റെ തമിഴ് ചിത്രമായ ത്രീയിലൂടെ സിനിമ സംഗീത ലോകത്ത് എത്തിയ അനിരുദ്ധ് ഇന്ന് ഇന്ത്യൻ സിനിമ ലോകത്തെ വിലയേറിയ സംഗീത സംവിധായകനാണ്. മികച്ച ഗായകൻ കൂടിയാണ് അദ്ദേഹം. ബോളിവുഡിലും തന്റെ കൈയൊപ്പ് അനിരുദ്ധ് പതിപ്പിച്ചിട്ടുണ്ട്. ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജവാനിലൂടെയാണ് ചുവടുവെച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ആയിരുന്നു.
ഇപ്പോഴിതാ അനിരുദ്ധ് തന്റെ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. പ്രതിഫലം10 കോടി രൂപയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 33 കാരനായ അനിരുദ്ധ് ലിയോ, ജയിലർ എന്നീ ചിത്രങ്ങൾക്ക് ഏഴു മുതൽ എട്ടു കോടി രൂപ വരെയായിരുന്നു വാങ്ങിയിരുന്നത്. എന്നാൽ പിന്നീട് പ്രതിഫലം കൂട്ടുകയായിരുന്നു. പ്രീതം, വിശാൽ-ശേഖർ, എംഎം കീരവാണി, യുവൻ ശങ്കർ രാജ തുടങ്ങിയവർ ഒരു ചിത്രത്തിന് അഞ്ചു കോടിയിൽ താഴെയാണ് ഈടാക്കുന്നത്. എ.ആർ. റഹ്മാന്റെ പ്രതിഫലം ഏഴ് കോടി മുതൽ എട്ട് കോടി വരെയാണെന്നാണ് പ്രചരിക്കുന്ന വിവരം.
നടൻ രവിചന്ദ്ര് രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനാണ് അനിരുദ്ധ്. രജനികാന്തിന്റെ ഭാര്യ ലതയുടെ സഹോദരനാണ് അനിരുദ്ധിന്റെ അച്ഛൻ. മുത്തച്ഛൻ കൃഷ്ണ സുബ്രമണ്യൻ 1930കളിൽ തമിഴിലെ അറിയപ്പെടുന്ന ചലച്ചിത്ര നിർമാതാക്കളിലൊരാളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.