ഹേമ മാലിനിയും ധർമ്മേന്ദ്രയും
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബോളുവുഡിന്‍റെ ഇതിഹാസ താരം ധർമേന്ദ്ര മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസംമുട്ടൽ സംബന്ധിച്ച അസ്വസ്ഥതകളെ തുടർന്ന് ഒക്ടോബർ 31നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഖം പ്രാപിച്ചു തുടങ്ങിയ താരത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റി. നടന്റെ ചികിത്സ വീട്ടിലും തുടരുമെന്ന് ഡോ. പ്രൊഫ. പ്രതീത് സംദാനി അറിയിച്ചു.
ആരാധകർക്ക് ആശ്വാസമേകികൊണ്ട് ധർമേന്ദ്രയുടെ പിറന്നാൾ ആഘോഷത്തിന്‍റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 'ദൈവം അനുവദിച്ചാൽ, അടുത്ത മാസം നമ്മൾ രണ്ട് ജന്മദിനങ്ങൾ ആഘോഷിക്കും, ധരംജിയുടെയും ഇഷയുടെയും' സെലിബ്രിറ്റി സോഴ്സ് പേജായ ബോളിവുഡ് ഹംഗാമ പങ്കുവെച്ചു. 2025 ഡിസംബർ എട്ടിന് ധർമേന്ദ്രയുടെ 90-ാം ജന്മദിനം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മക്കളും ഭാര്യ ഹേമ മാലിനിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ജന്മദിനം ആഘോഷിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
താരം ശ്വസനത്തിനും മറ്റും വെന്റിലേറ്റർ സഹായം തേടുന്നതായി അഭ്യൂഹങ്ങൾ പരന്നതോടെ അദ്ദേഹത്തിന്റെ കുടുംബം എല്ലാ വ്യാജ പ്രചാരണങ്ങളും തള്ളിക്കളയുകയും അദ്ദേഹം യഥാർഥത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും സ്ഥിരമായ ആരോഗ്യസ്ഥിതിയിലാണെന്നും പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി പോർട്ടലുകൾ നടൻ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വ്യാജ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ധർമേന്ദ്രയുടെ മകൾ ഇഷ ഡിയോളും ഭാര്യ ഹേമമാലിനിയും എത്തിയിരുന്നു.
‘സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതക്കും അർഹമായ ബഹുമാനം നൽകുക’ എന്നാണ് ഹേമമാലിനി എക്സിൽ കുറിച്ചത്. 'മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതതായി അറിയുന്നു. എന്‍റെ പിതാവിന്‍റെ ആരോഗ്യാവസ്ഥ സുഖം പ്രാപിച്ചു വരികയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നു. പപ്പ വേഗം തന്നെ സുഖം പ്രാപക്കാനായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു' എന്ന് ഇഷ ഡിയോളും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.