അരുന്ധതി റോയ്,
അരുന്ധതി റോയ് തിരക്കഥയൊരുക്കി പ്രദീപ് കൃഷൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം 'ഇൻ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ്' വീണ്ടും തിയറ്ററുകളിലേക്ക്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ അത്യാധുനികമായ 4K സാങ്കേതികവിദ്യയിൽ പുനർനിർമിച്ച ചിത്രം 2026 മാർച്ച് 13ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്യും. ഇന്ത്യയിലെ 14 നഗരങ്ങളിലായി 19 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പ്രദർശനമുണ്ടാകും. മുംബൈ, ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ചണ്ഡീഗഡ്, അഹ്മദാബാദ്, പൂനെ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ എന്നീ സ്ഥലങ്ങളിലും പ്രദർശനം ഉണ്ടാവും.
സൂപ്പർതാരമാകുന്നതിന് മുമ്പ് ഷാരൂഖ് ഖാൻ അഭിനയിച്ച ആദ്യകാല ചിത്രങ്ങളിൽ ഒന്നാണിത്. ഒരു ആർക്കിടെക്ചർ വിദ്യാർഥിയുടെ സഹനടന വേഷത്തിലാണ് അദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. 1970കളിലെ ഡൽഹിയിലെ ആർക്കിടെക്ചർ കോളജ് ജീവിതത്തെയും വിദ്യാർഥികളുടെ മനോഭാവത്തെയും പകർത്തിയ ഈ ചിത്രം അക്കാലത്ത് ദേശീയ പുരസ്കാരം നേടിയിരുന്നു. അടുത്തിടെ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചപ്പോൾ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി 'ഹിംഗ്ലീഷ്' (ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷ) സ്വാഭാവികമായ രീതിയിൽ ഉപയോഗിച്ച ചിത്രങ്ങളിൽ ഒന്നാണിത്. ഡൽഹിയിലെ കാമ്പസുകളിൽ അക്കാലത്ത് സംസാരിച്ചിരുന്ന അതേ ശൈലിയിലാണ് സംഭാഷണങ്ങൾ ഒരുക്കിയത്.
തിരക്കഥാകൃത്ത് എന്നതിന് പുറമെ ചിത്രത്തിൽ രാധ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അരുന്ധതി റോയ് തന്നെയാണ്. അവരുടെ യഥാർത്ഥ ജീവിതത്തിലെ ആർക്കിടെക്ചർ പഠനകാലത്തെ അനുഭവങ്ങളാണ് സിനിമക്ക് ആധാരമായത്. ചിത്രത്തിന്റെ സംവിധായകൻ പ്രദീപ് കൃഷൻ അക്കാലത്ത് അരുന്ധതി റോയിയുടെ പങ്കാളിയായിരുന്നു. പിന്നീട് ഇവർ വിവാഹിതരായെങ്കിലും വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞു. 1989ൽ പൂർത്തിയായ ഈ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നില്ല. അക്കാലത്ത് ദൂരദർശനിൽ അർദ്ധരാത്രിയിൽ ഒരു തവണ മാത്രമാണ് ഇത് സംപ്രേഷണം ചെയ്തത്. എന്നിട്ടും, സിനിമയുടെ പകർപ്പുകൾ (VHS കാസറ്റുകൾ) വഴി ഇത് വിദ്യാർഥികൾക്കിടയിൽ വലിയ തരംഗമായി മാറി.
‘38 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ സന്തോഷത്തോടെ നിർമിച്ച ഒരു ചെറിയ ചിത്രമാണിത്. ഇതിൽ താരങ്ങളില്ല, എല്ലാവരും ഒരേ താളത്തിൽ പ്രവർത്തിച്ച ഒരു കൂട്ടായ്മയായിരുന്നു അത്. ഇന്നത്തെ സോഷ്യൽ മീഡിയ സമ്മർദങ്ങളില്ലാത്ത, പരാജയങ്ങളെ ഭയപ്പെടാത്ത ഒരു കൂട്ടം യുവാക്കളുടെ കഥയാണിത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ പരിശ്രമം കൊണ്ടാണ് ഈ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്’ അണിയറപ്രവർത്തകർ പറയുന്നു. ‘ഇതൊരു പുനരുദ്ധാരണം മാത്രമല്ല, കാണാതായിപ്പോയ ഒരു സിനിമയുടെ പുനർജന്മം കൂടിയാണ്. ബർലിനിൽ ലഭിച്ച അതേ സ്വീകാര്യത ഇന്ത്യൻ പ്രേക്ഷകരിൽ നിന്നും ഈ ചിത്രത്തിന് ലഭിക്കുമെന്ന് ഉറപ്പുണ്ട്’- ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്ര സിങ് ദുംഗർപൂർ പറയുന്നു.
‘മുമ്പ് ദൂരദർശനിൽ മാത്രം പ്രദർശിപ്പിച്ചിരുന്ന ഈ ചിത്രം ഇപ്പോൾ ബിഗ് സ്ക്രീനിൽ എത്തുന്നത് ഒരു സ്വപ്നം പോലെ തോന്നുന്നു. സിനിമകൾ സംരക്ഷിക്കുന്നതിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണ്’ എന്നാണ് ചിത്രത്തിന്‍റെ സംവിധായകൻ പ്രദീപ് കൃഷൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.