എമ്പുരാൻ ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നു;​ മോഹൻലാൽ ആരാധകരെ വഞ്ചിച്ചു, ​രൂക്ഷ വിമർശനവുമായി ആർ.എസ്.എസ് മുഖപത്രം

ന്യൂഡൽഹി: മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിലാണ് ആർ.എസ്.എസ് വിമർശനം. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുകയാണ് എമ്പുരാൻ ചെയ്യുന്നതെന്ന് ഓർഗനൈസർ വിമർശിക്കുന്നു. സമുദായങ്ങൾ തമ്മിലുള്ള മൈത്രി ഇല്ലാതാക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നും ആർ.എസ്.എസ് മുഖപത്രം വ്യക്തമാക്കി.

പൃഥ്വിരാജ് തന്റെ രാഷ്രടീയ അജണ്ടയാണ് സിനിമയിൽ നടത്തിയിട്ടുണ്ട്. മുമ്പും ഹിന്ദുവിരുദ്ധ ദേശവിരുദ്ധ സമീപനം പൃഥ്വിരാജ് സ്വീകരിച്ചിട്ടുണ്ട്. മലബാർ കലാപവുമായി ബന്ധപ്പെട്ടുള്ള സിനിമയും സി.എ.എയെ എതിർത്തതുമെല്ലാം പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ ദേശവിരുദ്ധ നടപടികളുടെ ഉദാഹരണമാണെന്നും ലേഖനത്തിൽ പറയുന്നു.

സിനിമയിലൂടെ ആരാധകരെ വഞ്ചിക്കുകയാണ് മോഹൻലാൽ​ ചെയ്തത്. രാഷ്ട്രീയത്തിന് അധീതമായി എല്ലാവരും പിന്തുണച്ച താരമാണ് മോഹൻലാൽ. എന്നാൽ, എമ്പുരാന്റെ ഭാഗമായതോടെ എല്ലാവരേയും ചതിക്കുകയാണ് മോഹൻലാൽ ചെയ്തതെന്നും ഓർഗനൈസർ വിമർശിക്കുന്നു. നല്ല സാമൂഹികാന്തരീക്ഷം തകർക്കാനാണ് സിനിമയിലൂടെ മുരളി ഗോപി ശ്രമിച്ചതെന്നും ആർ.എസ്.എസ് വിമർശിക്കുന്നുണ്ട്.

റിലീസായി 48 മണിക്കൂർ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്സോഫീസിൽനിന്ന് 100 കോടി കലക്ഷൻ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ചിത്രത്തിന്റെ വിജയം സാധ്യമാക്കിയതെന്നും താരം കുറിപ്പിൽ പറയുന്നു.

മോഹൻലാലിനൊപ്പം പൃഥ്വിരാജും തകർത്തഭിനയിച്ച ചിത്രം, ആഗോള ബോക്സോഫീസിൽ ഏറ്റവും കൂടുതൽ ആദ്യദിന കലക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 65 കോടി രൂപയിലേറെയാണ് ആദ്യദിന കലക്ഷൻ. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷൻ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കലക്ഷനെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു.


Full View

Tags:    
News Summary - Empuran depicts Hindus as cannibals; Mohanlal deceived his fans,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.