ബിഗ് ബജറ്റിലൊരുങ്ങിയ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയറ്ററുകളിലെത്തുകയാണ്. വൻ വിജയമായിരുന്ന ലൂസിഫറിന്‍റെ തുടർച്ചയായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നായി പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ.
എമ്പുരാനിൽ സലബാത് ഹംസ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡിൽ നിന്നുള്ള ബെഹ്സാദ് ഖാൻ ആണ്. കൈയിൽ യന്ത്രത്തോക്കുമായി നിലയുറപ്പിച്ച കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ കഥാപാത്രത്തെ കുറിച്ച് ബെഹ്സാദ് ഖാൻ സംസാരിക്കുന്ന വിഡിയോയുമുണ്ട്.
സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനീഷ് ജി മേനോൻ ആണ്. ഐ.യു.എഫ് പ്രവർത്തകനായി ലൂസിഫറിലും സുമേഷ് ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് എമ്പുരാനിലും.
ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെയാണ് അണിയറക്കാർ പുറത്തുവിടുന്നത്. ആകെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററും അഭിനേതാക്കൾ തന്നെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്ന വിഡിയോയും പുറത്തുവിടുന്നുണ്ട്.
ജെയ്സ് ജോസിന്‍റെ സേവ്യർ ആണ് 36ാമത് കഥാപാത്രം. ശിവദ അവതരിപ്പിക്കുന്ന ശ്രീലേഖയാണ് 35ാമത് കഥാപാത്രം. അനീഷ് ജി മേനോൻ, ബെഹ്സാദ് ഖാൻ എന്നിവരുടേത് 34ാമത്തേയും 33ാമത്തേയും കഥാപാത്രങ്ങളാണ്. 32ാമത്തെ കഥാപാത്രമായി പുറത്തിറക്കിയത് ജിജു ജോൺ അവതരിപ്പിക്കുന്ന സഞ്ജീവ് കുമാർ എന്ന കഥാപാത്രത്തെയാണ്. സർപ്രൈസ് കഥാപാത്രങ്ങളായി ആരെങ്കിലുമുണ്ടോയെന്ന കാര്യം അവസാന നാളുകളിൽ അറിയാനാകും.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് എമ്പുരാൻ എത്തുന്നത്. മോഹൻലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർ രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.