ബോക്സ് ഓഫിസ് കിലുക്കി എക്കോ രണ്ടാംവാരത്തിലേക്ക്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും നേടി മുന്നേറുന്ന ‘എക്കോ’ തിയറ്ററുകളിൽ ഒമ്പതു ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കലക്ഷൻ 25 കോടിയും കടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം കൂടുതൽ തിയറ്ററുകളിലേക്കും വ്യാപിച്ചു. ഔദ്യോഗിക കണക്കുകൾ നിർമാതാക്കാൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കേരളത്തിലെ ബോക്സോഫീസ് കീഴടക്കാൻ ‘എക്കോ’യ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞദിവസം മാത്രം ബുക്ക് മൈ ഷോയിൽ 71,730 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ‘എക്കോ’ റിലീസ് ചെയ്ത് പത്താം ദിവസമായ ഇന്ന് കേരളത്തിലെ പ്രമുഖ സെന്ററുകളിൽ ആദ്യ ദിനത്തിനേക്കാൾ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്. 5,68,000 ടിക്കറ്റുകൾ കഴിഞ്ഞദിവസം വരെ ബുക്ക് മൈ ഷോയിലൂടെ എക്കോയുടേതായി വിറ്റഴിക്കപ്പെട്ടു.
കേരളത്തിൽ 182 സെന്ററുകളിൽ ആരംഭിച്ച ചിത്രത്തിന്‍റെ പ്രദർശനം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലേക്കുയർന്നു. ജി.സി.സി.യിൽ രണ്ടാം വാരം 110 സ്‌ക്രീനുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. മറ്റു വിദേശരാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് എക്കോ എത്തും. ചിത്രത്തിന്‍റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം മികച്ച കൈയടി നേടുന്നുണ്ട്.
കിഷ്കിന്ധാകാണ്ഡത്തിനുശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് എക്കോ. സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് ചിത്രം തിയറ്ററിൽ സമ്മാനിക്കുന്നത്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമിച്ച എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ച്‌ദേവാ, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം മുജീബ് മജീദും എഡിറ്റിങ് സൂരജ് ഇ.എസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.