സൽമാൻ ഖാൻ-മഹേഷ് നാരായണൻ സിനിമ ഒരുങ്ങുന്നോ? പാട്രിയറ്റിന്‍റെ ടീസർ പങ്കുവെച്ച് താരം, ആരാധകർ ആകാംക്ഷയിൽ

ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ് സൽമാൻ ഖാൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ-മമ്മൂട്ടി ചിത്രമായ പാട്രിയറ്റിന്റെ ടീസർ നടൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ, സൽമാൻ ഖാൻ മഹേഷ് നാരായണനുമായി സിനിമ ചർച്ചകൾ നടത്തിവരികയാണെന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്. പൂർണമായ വിവരണം കേട്ട ശേഷം സൽമാൻ ഖാൻ അന്തിമ തീരുമാനം എടുക്കുമെന്നും പിങ്ക്വില്ല പറയുന്നു.

മോഹൻലാൽ, മമ്മൂട്ടി, മഹേഷ് നാരായണൻ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം ടീസർ പങ്കിട്ടത്. പാട്രിയറ്റിന്റെ ടൈറ്റിൽ ടീസർ പങ്കിടുന്നതിൽ ആവേശമുണ്ടെന്നും അദ്ദേഹം എഴുതി. ഇത് മഹേഷ് നാരായണനുമായുള്ള സൽമാന്‍റെ സഹകരണം ആരാധകർ സ്ഥിരീകരിക്കുന്നതിന് കാരണമായി.

ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിനായി മഹേഷ് നാരായണനുമായി സൽമാൻ ഖാൻ ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിനായി സൽമാനും മഹേഷും നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. ബാറ്റിൽ ഓഫ് ഗാൽവാൻ പൂർത്തിയാക്കിയ ശേഷം സൽമാൻ ഖാൻ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.

അതേസമയം, 17 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. ചിത്രത്തിന്‍റെ ടാസർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മികച്ച ഒരു ആക്ഷൻ ത്രില്ലറാണ് വരാനിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, നയൻതാര, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുള്ള ഇടവേളക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമ എന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്.

ട്വന്‍റി-ട്വന്‍റി എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രങ്ങളായി മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ഒരു ദശാബ്ദത്തിനു ശേഷം നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രമാണ് നയൻതാരയും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. ഭാസ്‌കർ ദി റാസ്‌കൽ (2015), രാപ്പകൽ (2005), തസ്‌കര വീരൻ (2005) തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു.  

Tags:    
News Summary - Did Salman Khan confirm film with Mahesh Narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.