ഇഡ്‌ലി കടൈ സിനിമ പോസ്റ്റർ
തമിഴ് താരം ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കുടുംബപ്രേക്ഷകർക്കായെത്തുന്ന ഒരു സാധാരണ സിനിമയാണിതെന്നാണ് താരം പറയുന്നത്. 'പ്രേക്ഷകർക്ക് ആസ്വാദ്യകരമായ രീതിയിൽ ഈ സിനിമ നിർമിക്കണം എന്നാണ് എന്‍റെ മനസ്സിലുണ്ടായിരുന്നത്. ഞങ്ങൾ അതിനുവേണ്ടി പരിശ്രമിച്ചു. ആത്മാർഥമായി ആഗ്രഹിക്കുക അതിനുവേണ്ടി പരിശ്രമിക്കുക, തീർച്ചയായും അത് സാധ്യമാകും' ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ ധനുഷ് ആരാധകരോടായി പറഞ്ഞു.
ഓഡിയോ ലോഞ്ചിനിടെ ധനുഷ് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 'സിനിമ റിലീസായാൽ ഒമ്പത് മണിയുടെ ഷോയ്ക്ക് എട്ട് മണി ആകുമ്പോഴേ റിവ്യൂസ് വന്നുതുടങ്ങും. അത് നിങ്ങൾ വിശ്വസിക്കരുത്. സ്വയം സിനിമ കണ്ട് വിലയിരുത്തുകയോ ഇല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ സിനിമ കണ്ടതിന് ശേഷം പറയുന്നത് കേട്ട് സിനിമ കാണുകയോ ചെയ്യണം. നല്ല സിനിമകൾ വിജയിക്കണം. അതുകൊണ്ട് ശരിക്കുള്ള വിമർശനങ്ങളെ മാത്രം എടുത്തിട്ട് പ്രേക്ഷകർ തീരുമാനിക്കണം ഏത് സിനിമ കാണണമെന്ന്' -ധനുഷ് പറഞ്ഞു.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വാത്തി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്കും വരാനിരിക്കുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കൊബം' എന്ന ചിത്രത്തിനും ശേഷം സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ധനുഷിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഇഡ്‌ലി കടൈ'. ഇഡ്‌ലി കടൈയുടെ ഛായാഗ്രഹണം കിരൺ കൗശിക്, എഡിറ്റിങ് പ്രസന്ന ജി.കെ, പ്രൊഡക്ഷൻ ഡിസൈൻ ജാക്കി എന്നിവരാണ് നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.