ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോറുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'. 10 ദിവസത്തിനുള്ളിൽ ലോകമെമ്പാട് നിന്നും 38 കോടിയോളം ചിത്രം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഒരാഴ്ചകൊണ്ട് ചിത്രം 50 കോടി കളക്ഷനിലേക്കെത്തേക്കുമെന്നാണ് പ്രതീക്ഷകൾ. കുഞ്ചാക്കോ ബോബന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയുടെ കളക്ഷൻ റെക്കോഡ് ചിത്രം മറികടക്കുമെന്നാണ് ചിത്രത്തിന്‍റെ കുതിപ്പ് സൂചിപ്പിക്കുന്നത്.
കേരളത്തിന് പുറത്തുള്ള തിയറ്ററുകളിൽ മാർച്ച് മാസത്തിലാണ് ചിത്രം റിലീസിനെത്തുക. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ സഹ സംവിധായകൻ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമ നിർമിച്ചത്.
'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. 'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.