അമിതാഭ് ബച്ചനും പിതാവ് ഹരിവംശ് റായ് ബച്ചനും
ബോളിവുഡിന്‍റെ ചക്രവർത്തിയായി എണ്ണപ്പെടുന്ന താരമാണ് അമിതാഭ് ബച്ചൻ. ഇപ്പോഴിതാ കുടുംബപ്പേരായ ‘ബച്ചൻ’ എങ്ങനെയൊണ് തങ്ങളുടെ പേരിന് പിന്നിൽ ഇടംപിടിച്ചതെന്ന് വിശദീകരിക്കുകയാണ് അമിതാഭ് ബച്ചന്‍റെ സഹോദരനായ അജിതാഭ് ബച്ചൻ. ഈ പേര് അദ്ദേഹത്തിന്‍റെ പിതാവും പ്രശസ്ത ഹിന്ദി കവിയുമായ ഡോക്ടർ ഹരിവംശ് റായ് ബച്ചന്‍റെ തൂലികാനാമത്തിൽ നിന്ന് സ്വീകരിച്ചതാണ്. തങ്ങളുടെ ജാതിപ്പേരായ ‘ശ്രീവാസ്തവ’ ഒഴിവാക്കാൻ വേണ്ടിയാണ് ഇത് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് ജനിച്ചതിനാൽ തന്നെ അമിതാഭ് ബച്ചന് ‘ഇൻക്വിലാബ്’ എന്നായിരുന്നു പേരു നൽകാൻ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർജെ സച്ചിനുമായി നടത്തിയ സംഭാഷണത്തിൽ, തന്‍റെ പിതാവ് ഹരിവംശ് റായ് ‘കായസ്ത’ സമുദായത്തിൽ പെട്ടയാളാണെന്ന് അജിതാഭ് വെളിപ്പെടുത്തി. ‘ബച്ചൻ’ എന്ന പേര് അദ്ദേഹത്തിന്റെ ഭാര്യ തേജി ബച്ചൻ നൽകിയതാണ്. അമ്മ അദ്ദേഹത്തെ ‘ബച്ചൻവാ കിധർ ഹേ?' എന്ന് വിളിക്കാറുണ്ടായിരുന്നു. ഹരിവംശ് റായ്ക്ക് അത് ഇഷ്ടപ്പെടുകയും പിന്നീട് തൂലികാനാമമായി അത് ഉപയോഗിക്കാനും തുടങ്ങി. പിന്നീട്, അമിതാഭിനെ സ്കൂളിൽ ചേർത്തപ്പോൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത കുടുംബപ്പേര് ‘ബച്ചൻ’ എന്നാക്കി. ഒരു പുതിയ കുടുംബ പാരമ്പര്യം ആരംഭിക്കാനും ജാതി അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വം ഇല്ലാതാക്കാനും അത് ഉപയോഗിച്ചു.
സ്വാതന്ത്ര്യസമര കാലത്തായതിനാൽ അമിതാഭിന് ‘ഇൻക്വിലാബ്’ എന്ന് പേരു നൽകണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചതിനാൽ എനിക്ക് ആസാദ് എന്നും’ - അജിതാഭ് തുടർന്നു.
അജിതാഭിന്‍റെ മകൾ ചിത്രകാരിയാണ്. ഇവർ തന്‍റെ പോട്രെയ്റ്റുകൾക്ക് ഇൻക്വിലാബെന്നും ആസാദെന്നും പേരു നൽകിയിട്ടുണ്ട്. ബിഗ് ബി തന്‍റെ കരിയറിന്റെ ആദ്യ നാളുകളിൽ ഇൻക്വിലാബ്, മേം ആസാദ് ഹൂം തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 81 കാരനായ അമിതാഭ് അവസാനമായി തമിഴ് ചിത്രം വേട്ടയ്യനിലാണ് അഭിനയിച്ചത്. ഹരിവംശ് റായ് ബച്ചൻ 2003ൽ 95-ാം വയസ്സിലാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.