ഇറങ്ങിയപ്പോൾ പരാജയമാകുമോ എന്ന് സംശയിച്ചു; ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സിനിമ

രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഷോലെ' പുറത്തിറങ്ങിയിട്ട് ഇന്നേക്ക് അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. വർഷം അമ്പത് കഴിഞ്ഞിട്ടും ഇന്നും 'ഷോലെ' പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്.1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്.

ബോളിവുഡില്‍ പ്രദര്‍ശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചലചിത്രമാണിത്. അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ (സഞ്ജീവ് കുമാർ) കുപ്രസിദ്ധ കൊള്ളക്കാരനായ ഗബ്ബർ സിങ്ങിനെ (അംജദ് ഖാൻ) പിടികൂടാൻ വിളിക്കുന്ന രണ്ട് കുറ്റവാളികളായ വീരു (ധർമ്മേന്ദ്ര), ജയ് (അമിതാഭ് ബച്ചൻ) എന്നിവരുടെ കഥയാണ് 'ഷോലെ'. ചിത്രത്തിൽ ബസന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹേമ മാലിനിയാണ്. ജയ ബച്ചൻ രാധയായും ചിത്രത്തിലെത്തുന്നു.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമയാണിത്. 25 കോടി ടിക്കറ്റുകളാണ് വിറ്റത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ബോക്‌സ് ഓഫിസില്‍ നിന്ന് 15 കോടിയിലധികം ഷോലെ നേടിയിരുന്നു. ഇന്നത്തെ ബ്ലോക്ക്ബസ്റ്ററുകൾക്ക് പോലും ചിത്രത്തെ മറികടക്കാനായിട്ടില്ല എന്നത് അത്ഭുതമാണ്. ആഗോളതലത്തിലും ചിത്രം ഹിറ്റായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ ആറ് കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന്‍റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അരങ്ങിലെയും അണിയറയിലെയും പ്രവർത്തകർ തങ്ങളുടെ ഓർമകൾ പങ്കുവെക്കുന്നുണ്ട്. സിനിമ പുറത്തിറങ്ങിയ ആദ്യവാരം ചിത്രം പരാജയമാണെന്നായിരുന്നു സിനിമയുമായി ബന്ധപ്പെട്ടവർ കരുതിയിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്‍റെ ഗതി മാറുകയായിരുന്നു.

Tags:    
News Summary - 50 Years of Sholay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.