ബോംബെ സിനിമയിലെ ഉയിരെ എന്ന ഗാനത്തിൽ ബേക്കലിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന അരവിന്ദ് സ്വാമിയും മനീഷ കൊയ് രാളയും
കാസർകോട്: ‘ഉയിരെ... ഉയിരെ... വന്ത് എന്നോട് കലന്തുവിടു, നിനവേ... നിനവേ.. എന്റെ നെഞ്ചോട് കലന്തുവിടു...’ മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന സിനിമയിലെ ഈ ഗാനം ഹിറ്റ് ആയതിലൂടെ മറ്റൊന്നുകൂടി ഹിറ്റായി. ബേക്കൽ കോട്ടയാണത്. ബാബ് രി മസ്ജിദ് തകർക്കപ്പെട്ട 1992-95 കാലത്ത് വർഗീയ കലാപം വിഭജിച്ച ബോംബെയുടെ സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് സൗഹാർദത്തിന്റെ സന്ദേശം നൽകി മതാതീത പ്രണയം പ്രമേയമാക്കിയ ചിത്രമാണ് ‘ബോംബെ’. ഇക്കേരി നായിക്കൻമാരാൽ നിർമിക്കപ്പെട്ട് ടിപ്പുവിലൂടെ കേരളത്തിന് ചരിത്രം കൈമാറിയ വടക്കൻ കേരളത്തിന്‍റെ നാടുകാത്ത കോട്ട കൂടിയാണ് ബേക്കൽ.
അറബിക്കടലോരത്ത് തിരയുടെ താരാട്ടിൽ ഉറങ്ങികിടന്ന ബേക്കൽ കോട്ടയെ തഴുകിയുണർത്തിയ ഗാനമാണ് ‘ഉയിരെ....’. കേരളത്തിലെ വിനോദ സഞ്ചാരം തെക്കൻകേരളത്തിൽ മാത്രം നീന്തിതുടിക്കുന്ന കാലത്താണ് തമിഴ് സിനിമ നിർമാതാവ് മണിരത്നം ബേക്കലിന്റെ അംഗലാവണ്യത്തെ തിരിച്ചറിയുന്നത്. സംവിധാനത്തിൽ ബാല്യകാലമായിരുന്ന മണിരത്നവും അഭിനയത്തിൽ ബാല്യമായിരുന്ന മനീഷ കൊയ് രാളയും അരവിന്ദ സ്വാമിയുമെല്ലാം ഈ സനിമയോടൊപ്പം ഇന്ത്യൻ ചലചിത്രമേഖലയിൽ ഹിറ്റായി.
ബേക്കൽ കോട്ടക്കകത്തെ പച്ചപ്പും പുറത്തെ കൊത്തളവും കല്ലിൽ തച്ച് ചിതറുന്ന തിരമാലകളുംതീരവും ഇത്രയേറെ ലാവണ്യത്തോടെ പകർത്തിയ മറ്റൊരു ചിത്രീകരണം ഉണ്ടായിട്ടില്ല. കേരളം കാഴ്ചയുടെ സൗന്ദര്യമാണ് സഞ്ചാരികളെ മലബാറിലെത്തിച്ചത് എന്നുപറയാം. അക്ഷരാർഥത്തിൽ ബേക്കലിന്റെ ആദ്യ അന്താരാഷ്ട്ര ബ്രാൻഡിങ്. സംസ്ഥാന സർക്കാർ ടൂറിസംകേന്ദ്രം എന്ന നിലയിൽ ബേക്കലിലേക്ക് തിരിഞ്ഞുനോക്കുന്നത് 1995ലാണ്. എന്നാൽ അതിനു മുമ്പ് മനീഷ കൊയ് രാളയും അരവിന്ദ് സ്വാമിയും ബോംബെ സിനിമയുടെ ഷൂട്ടിങ്ങിന് ബേക്കലിൽ എത്തിയിരുന്നു.
ഒരു പക്ഷെ ബേക്കലിന്റെ സൗന്ദര്യം അഭ്രപാളികളിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ബേക്കൽ റിസോർട്ട്സ് ഡെവലപ് കോർപറേഷൻ രൂപവത്കരണത്തിലേക്ക് നയിച്ചത് എന്നും അനുമാനിക്കാം. 1995-ൽ പുറത്തിറങ്ങിയ തീവ്ര പ്രണയാർദ്ര ചിത്രമാണ് ബോംബെ. 1992 ഡിസംബറിനും 1993 ജനുവരിക്കും ഇടയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ബോംബെ കലാപത്തിന് മുമ്പും ശേഷവും ബോംബെയിലെ ഒരു മതാന്തര കുടുംബത്തിന്‍റെ കഥയാണ് ചിത്രം, പ്രാഥമികമായി തമിഴിലും ഒരു പരിധിവരെ ഹിന്ദിയിലും പറയുന്നത്.
ബോംബെ 1995 മാർച്ച് 10 ന് പുറത്തിറങ്ങി. ബോക്സ് ഓഫിസിൽ വൻ ഹിറ്റായ സിനിമക്കുശേഷം മനീഷ കൊയ് രാളക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ ബോംബെ പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ എ.ആർ. റഹ്മാന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഒരു മുസ്‍ലിം ഹിന്ദു പ്രണയജോഡികളെ ചിത്രീകരിച്ചതിന്റെ പേരിൽ സിംഗപ്പൂരിലും മലേഷ്യയിലും ചിത്രം നിരോധിച്ചിരുന്നു. ബി.ആർ.ഡി.സിയുടെയും ബോംബെ സിനിമയുടെയും 30ാം വാർഷികത്തിൽ ബേക്കൽ കോട്ടയും ബോംബെ സിനിമ നായകരും ഡിസംബർ 20ന് ബേക്കൽ ബീച്ച് ഫെസ്റ്റിൽ സംഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.