സർവ്വം മായ

ഡെലൂലു എഫക്ട്; നിവിൻ പോളിയുടെ കരിയറിലെ ആദ്യത്തെ 150 കോടി കടന്ന് 'സർവ്വം മായ'

നിവിൻ പോളിയുടെ കരിയറിലെ ആദ്യത്തെ 150 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് 'സർവ്വം മായ'. 2025 വർഷാവസാനം തിയറ്ററിൽ എത്തി നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഈ ചിത്രം അഖിൽ സത്യനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിജിറ്റൽ പ്രീമിയർ കഴിഞ്ഞിട്ടും ചിത്രം തിയറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘മറക്കാനാവാത്ത ഒരു തിയറ്റർ റൺ’ എന്നാണ് ഈ നേട്ടത്തെക്കുറിച്ച് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ടെന്നും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ടെന്നും താരം അറിയിച്ചു.

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രവും 100 കോടി ക്ലബിൽ ആദ്യമായി ഇടം നേടിയ ചിത്രവുമാണ് സർവ്വം മായ. നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് ആരാധകർ 'സർവ്വം മായ'യെ വിശേഷിപ്പിച്ചത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 50 കോടിയോളം രൂപയാണ് ചിത്രം ബോക്‌സ് ഓഫിസിൽ നേടിയത്. റിലീസ് ചെയ്ത് 11 ദിവസത്തിനകം ലോകമെമ്പാടുമായി 109.65 കോടിയാണ് ചിത്രം നേടിയത്.

കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ഇത് നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച സോളോ തുടക്കമാണ്. ഫാന്‍റസി ഹൊറർ കോമഡി ജോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. ഈ കോമ്പോയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക സ്വീകാര്യത നേടിയിട്ടുള്ളതാണ്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം ജനാർദനൻ, രഘുനാഥ്‌ പാലേരി, മധുവാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - Sarvam Maya grosses 150 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.