'ഞാൻ കർഷക കുടുംബത്തിൽ നിന്ന് വന്നയാളാണ്, ജീവിതത്തിലെ എല്ലാം കണ്ടുവളർന്നുവന്നതാണ്; വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല'-ജീത്തു ജോസഫ്

ഫേക്ക് ഐഡികളിൽ നിന്നും വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സത്യസന്ധമായ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നുവെന്നും സംവിധായകൻ ജീത്തു ജോസഫ്. ബിജു മേനോനും ജോജു ജോര്‍ജ്ജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'വലതുവശത്തെ കള്ളൻ' സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''എനിക്ക് സോഷ്യൽ മീഡിയയെ കുറിച്ചൊന്നും വലിയ ധാരണയില്ല. അതിലൊന്നും സജീവല്ല, വല്ലപ്പോഴും നോക്കും എന്ന് മാത്രം. അടുത്തിടെ എനിക്കെതിരെ നെഗറ്റീവ് കമന്‍റുകള്‍ വന്നപ്പോള്‍ നോക്കിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് അത് കാണിച്ചുതന്നത്. മാത്രമല്ല അതെല്ലാം ഫേക്ക് ഐഡികളിൽ നിന്നാണെന്നും അവർ എനിക്ക് മനസ്സിലാക്കി തന്നു. എനിക്കെതിരെ മാത്രമല്ല, ഒട്ടേറെ ഫിലിം മേക്കേഴ്സ്, രാഷ്ട്രീയക്കാർ ഇവർക്കൊക്കെ എതിരേയും ഇതുണ്ട്.

ഒളിഞ്ഞിരുന്ന് ഒരാള്‍ക്കെതിരെ പല ഐഡികളിൽ നിന്നും ഇത്തരത്തിൽ നടത്തുന്നവരുണ്ട്. നമ്മളെ ഒരാള്‍ മോശക്കാരനായി ചിത്രീകരിച്ച് നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങള്‍ പറയുക എന്നതൊക്കെ സോഷ്യൽ മീഡിയ മനുഷ്യ മനസ്സിൽ തീർക്കുന്ന വലിയ സ്ട്രെസ്സ് ആണ്. ലൈഫിൽ വെല്ലുവിളികള്‍ ഉണ്ടാകും, നമ്മളെ കല്ലെറിയാൻ ആളുകളുണ്ടാകും, എതിര് പറയുന്നവരുണ്ടാകും, അതോടൊപ്പം പിന്തുണക്കുന്നവരുമുണ്ടാകും.

ഞാനൊരു കർഷക കുടുംബത്തിൽ നിന്നും വന്നയാളാണ്. ജീവിതത്തിലെ എല്ലാം കണ്ടു വളർന്നുവന്നയാളാണ്. ഇതൊക്കെ ഇതിന്‍റെ ഭാഗമായാണ് കാണുന്നത്. ഇതൊന്നും പ്രശ്നമായി എടുക്കുന്നില്ല. അതേസമയം സത്യസന്ധമായ അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളുമൊക്കെ നമുക്ക് ഗുണകരമായ രീതിയിൽ എടുക്കാറുമുണ്ട്. മറ്റുള്ളവയൊക്കെ അവഗണിക്കുകയാണ്'' ജീത്തു ജോസഫ് പറഞ്ഞു.

ബിജു മേനോനും ജോജു ജോര്‍ജ്ജും ഒന്നിച്ചെത്തിയ 'വലതുവശത്തെ കള്ളൻ' ഇരുവരുടേയും വേറിട്ട അഭിനയ പ്രകടനത്തിലൂടെ ഇതിനകം പ്രേക്ഷക ശ്രദ്ധ കവർന്നിരിക്കുകയാണ്. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്‍റെ ഛായാ​ഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്‍റെ എഡിറ്റിങ്ങും വിഷ്ണു ശ്യാമിന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ആഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ്.

Tags:    
News Summary - Personal abuse doesn't matter - Jeethu Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.