എസ്.പി വെങ്കിടേഷ്

സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ‘സംഗീതരാജൻ’ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ ആളപാക്കം സായിറാം സ്ട്രീറ്റിലെ വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1980-’90 കാലയളവിൽ മലയാളത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകനായിരുന്നു. 150ലധികം സിനിമകൾക്ക് ഈണം നൽകി. 1955 മാര്‍ച്ച് അഞ്ചിന് ജനനം. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിത്താറിസ്റ്റായിട്ടാണ് കരിയര്‍ ആരംഭിച്ചത്. 1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി.

പിന്നീട് 1981 ല്‍ തെലുങ്ക് ചിത്രം ‘പ്രേമയുദ്ധ’ത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1985ല്‍ പുറത്തിറങ്ങിയ ‘ജനകീയ കോടതി’യിലൂടെയാണ് മലയാളത്തിലെ കരിയര്‍ ആരംഭിക്കുന്നത്. ‘രാജാവിന്റെ മകനി’ലെ സംഗീതം മലയാള സിനിമയില്‍ വഴിത്തിരിവായി. തുടര്‍ന്ന് മലയാളത്തില്‍ എസ്.പി. വെങ്കിടേഷ് തരംഗമായിരുന്നു.

ബാലഗോപാലൻ എം.എ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, സ്ഫടികം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, മഹായാനം, വ്യൂഹം, നാടോടി, കിലുക്കം, ധ്രുവം, സോപാനം, മിന്നാരം, മാന്നാർ മത്തായി സ്പീക്കിങ്, ജോണിവാക്കർ, കാഴ്ചക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, സൈന്യം, മാന്ത്രികം, ഹിറ്റ്‌ലര്‍ തുടങ്ങിയ നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലും സജീവമായിരുന്നു. ‘പൂവുക്കുൾ ഭൂകമ്പം’ ആണ് സംഗീത സംവിധാനം ചെയ്ത ആദ്യ തമിഴ് സിനിമ. ‘പൈതൃകം’, ‘ജനം’ ചിത്രങ്ങളിലെ പാട്ടുകൾക്ക് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.

സിനിമ മേഖലയിലെ പ്രമുഖർ അനുശോചിച്ചു. സംഗീത സംവിധായകരായ ഗോപാൽ, സുകുമാർ ഉൾപ്പെടെ മൂന്ന് മക്കളുണ്ട്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചെന്നൈ പോരൂരിൽ സംസ്കാരച്ചടങ്ങ് നടക്കും.

Tags:    
News Summary - Music director S.P. Venkatesh passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.