വിവാദങ്ങൾക്കും പ്രശസ്തിക്കുമിടയിലെ ജീവിതം; ‘മൈക്കിളിന്റെ’ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

മൈക്കിൾ ജാക്‌സന്റെ ജീവിതകഥ പറയുന്ന 'മൈക്കിൾ' (Michael) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിമിഷങ്ങൾക്കകം തന്നെ ലോകമെമ്പാടുമുള്ള ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഈ ട്രെയിലർ സൃഷ്ടിച്ചിരിക്കുന്നത്. മൈക്കിൾ ജാക്‌സന്റെ ജീവിതയാത്രയെയും ആഗോള പ്രശസ്തിക്ക് പിന്നിലെ വ്യക്തിയെയും വളരെ വൈകാരികമായി ഈ ചിത്രം അവതരിപ്പിക്കുന്നു. പ്രശസ്ത സംവിധായകൻ ആന്റണി ഫുക്വയാണ് ചിത്രം ഒരുക്കുന്നത്. മൈക്കൽ ജാക്‌സന്റെ കുട്ടിക്കാലം, സംഗീതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ, ലോകമറിഞ്ഞ സൂപ്പർസ്റ്റാറിലേക്കുള്ള വളർച്ച എന്നിവയുടെ ശക്തമായ ദൃശ്യങ്ങൾ ട്രെയിലറിലുണ്ട്. അത്യാധുനികമായ സ്റ്റേജ് പ്രകടനങ്ങളും വ്യക്തിജീവിതത്തിലെ നിശബ്ദമായ നിമിഷങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ട്രെയിലറിൽ പ്രകടമാണ്.

ഈ ചിത്രത്തിലെ ഏറ്റവും വലിയ ആകർഷണം മൈക്കിൾ ജാക്‌സനായി വേഷമിടുന്ന അദ്ദേഹത്തിന്റെ അനന്തരവൻ ജാഫർ ജാക്‌സൻ ആണ്. അമ്മാവന്റെ ചലനങ്ങളും ഭാവങ്ങളും നൃത്തശൈലിയും അവിശ്വസനീയമാംവിധം ജാഫർ അനുകരിച്ചിട്ടുണ്ടെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. വെറുമൊരു അനുകരണത്തിനപ്പുറം മൈക്കിൾ ജാക്‌സന്റെ ആത്മാവിനെ ഉൾക്കൊള്ളാൻ ജാഫറിന് സാധിച്ചിട്ടുണ്ടെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഗായകനും ഡാൻസറും കൂടിയായ ജാഫർ 12-ാം വയസ്സിലാണ് നൃത്തവും പാട്ടും സീരിയസായെടുക്കുന്നത്. 2019ൽ ജാഫർ തന്റെ ആദ്യത്തെ സിംഗ്ൾ ആൽബം പുറത്തിറക്കി. രണ്ടുവർഷത്തെ കാസ്റ്റിങ്ങിന് ശേഷമാണ് ജാഫറിനെ നായകനാക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്.

ട്രെയിലർ പുറത്തിറങ്ങിയ ഉടൻ തന്നെ എക്സിൽ പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞു. രോമാഞ്ചം നൽകുന്ന അനുഭവം എന്നാണ് സംവിധായകൻ സഞ്ജയ് ഗുപ്ത കുറിച്ചത്. അവൻ മൈക്കിളിനെ അനുകരിക്കുകയല്ല, മറിച്ച് മൈക്കിളായി മാറുകയാണ് ചെയ്തത് എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. ജാക്സന്റെ ഏറ്റവും ഐക്കോണിക് ആയ പ്രകടനങ്ങളുടെ ഗംഭീരമായ പുനരാവിഷ്കാരങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. നിയ ലോംഗ്, ലോറ ഹാരിയർ, ജൂലിയാനോ ക്രൂ വാൽഡി, മൈൽസ് ടെല്ലർ, കോൾമാൻ ഡൊമിംഗോ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമ ഏപ്രിൽ 24ന് തിയറ്ററുകളിൽ എത്തും. യഥാർത്ഥത്തിൽ 2025ൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം നിയമപരമായ കാരണങ്ങളാലും ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കേണ്ടി വന്നതിനാലുമാണ് വൈകിയത്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

Full View

Tags:    
News Summary - Trailer for Michael

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.