നിങ്ങൾ ഈ വ്യവസായത്തെ കൊല്ലുകയാണ്’, ബോളിവുഡിനോട് സർക്കാർ കരുണ കാട്ടണമെന്ന് ജയ ബച്ചൻ

ന്യൂഡൽഹി: സിനിമ വ്യവസായത്തോട് കേന്ദ്ര സർക്കാർ കരുണ കാണിക്കണമെന്നും നിലനിൽപ്പിനായുള്ള നിർദേശങ്ങൾ പരിഗണിക്കണമെന്നും സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചൻ. സർക്കാർ ഫിലിം ഇൻഡസ്ട്രിയെ കൊല്ലാൻ ശ്രമിക്കുകയാണെന്നും സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ അടച്ചുപൂട്ടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും ഒരുകാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന ജയാ ബച്ചൻ പറഞ്ഞു. രാജ്യസഭയിൽ 2025-26 കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ചയിലാണ് ഈ കാര്യങ്ങൾ ഉന്നയിച്ചത്.

സിനിമ വ്യവസായത്തെ സർക്കാർ പൂർണമായും അവഗണിക്കുകയാണ്. മറ്റ് സർക്കാരുകളും ഇതേ കാര്യം തന്നെയാണ് ചെയ്തത്. എന്നാൽ, ഈ സർക്കാർ അതിനെ കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് കൊണ്ടുപോയി. ഈ വിഷയം വളരെ ഗൗരവമായി പരിഗണിക്കണമെന്നും ജയ ബച്ചൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായി മാത്രമാണ് സിനിമ വ്യവസായത്തെ ഉപയോഗിക്കുന്നതെന്നതു കൊണ്ടാണ് നിങ്ങൾ അതിനെ തകർക്കാൻ ശ്രമിക്കുന്നത്. സിംഗ്ൾ സ്ക്രീൻ തിയറ്ററുകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും വില കൂടിയതോടെ ആളുകൾ സിനിമ തിയറ്ററിലേക്ക് പോകാതായിരിക്കുന്നു. ഇന്ന് സിനിമയെയും നിങ്ങൾ ലക്ഷ്യമിട്ടുതുടങ്ങി.

ഈ വ്യവസായത്തെ കൊല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, ഈ വ്യവസായമാണ് മുഴുവൻ ലോകത്തെയും ഇന്ത്യയുമായി കൂട്ടിയിണക്കുന്നത്. അതിനാൽ ദയവായി അവരോട് കരുണ കാണിക്കണം. വിഷയം വളരെ ഗൗരവമായി കാണണമെന്നും സിനിമ വ്യവസായം അതിജീവിക്കുന്നതിന് വേണ്ട സഹായം ചെയ്യണമെന്നും ധനമന്ത്രിയോട് ജയ ബച്ചൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Jaya bachchan in parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.