ഡെന്നീസ്​ ജോസഫ്​ എന്ന ഹിറ്റുകളുടെ ഇന്ദ്രജാലക്കാരൻ

തൊട്ടതെല്ലാം പൊന്നാകുന്ന വരം കിട്ടിയ രാജാവിന്‍റെ കഥ കേൾക്കാത്തവരുണ്ടാകില്ല. മലയാള സിനിമയിൽ ആ 'രാജാവിന്‍റെ മകൻ' ആയിരുന്നു ഡെന്നീസ്​ ജോസഫ്​ എന്ന്​ നിസ്സംശയം പറയാം. ഹിറ്റുകളുടെ 'ഇന്ദ്രജാലം' കാട്ടി വാണിജ്യ സിനിമയുടെ ന​​ട്ടെല്ലായി മാറിയ ഈ ഏറ്റുമാനൂരുകാരന്‍റെ അക്ഷരങ്ങൾക്ക്​ പൊന്നുംവിലയായിരുന്നു ഒരുകാലത്ത്​ കേരളത്തിൽ.

ഡെന്നീസ്​ ജോസഫിന്‍റെ സിനിമാ ജീവിതത്തിൽ നിന്ന്​ മലയാള സിനിമയുടെ കാൽ നൂറ്റാണ്ടിന്‍റെ ലഘുചരിത്രം വായിച്ചെടുക്കാം. മമ്മൂട്ടിയും മോഹൻലാലും സുരേഷ്​ ഗോപിയുമൊക്കെ താരസിംഹാസനത്തിലേക്ക്​ നടന്നുകയറിയ വഴികളും ആ ജീവിതത്തിലുണ്ട്​. വലിയ വിജയങ്ങൾ നേടിയ ശേഷം അതിജീവിക്കേണ്ടത് എങ്ങനെ എന്നതിന്‍റെ ഒരു പാഠപുസ്തകം കൂടിയായിരുന്നു ഡെന്നീസ്​ ജോസഫ്​.

ഡെന്നീസ് ജോസഫ് സിനിമയിലേക്ക് നടന്നു കയറിയത് വലിയ പ്രയാസപ്പെടാതെ ആണെന്നു പറയാം. സിനിമാ ബന്ധമുള്ള ഒരു കുടുംബത്തിൽ, നടൻ ജോസ്​ പ്രകാശിന്‍റെ ബന്ധുവായി ജനിച്ചതു കൊണ്ട് ഏറെ കഷ്​ടപ്പെടേണ്ടി വന്നില്ല. ആദ്യ തിരക്കഥയുടെ ക്രഡിറ്റ്​ നഷ്​ടമായി എങ്കിലും തുടരെ തുടരെ അഞ്ചു സൂപ്പർ ഹിറ്റുകൾ വന്നതോടെ വിജയത്തിന്‍റെ നിറക്കൂട്ട്​ ഡെന്നീസ്​ ജോസഫിന്‍റെ തൂലികക്ക്​ സ്വന്തമായി. രചനാതന്ത്രം കൊണ്ട്​ തിരയെഴുത്തുകാരുടെ മുൻനിരയിൽ കസേരയിട്ടിരുന്ന അ​ദ്ദേഹം പിന്നെ വർഷങ്ങളോളം അവിടെ നിന്ന്​ മാറിക്കൊടുത്തതുമില്ല.

മമ്മൂട്ടിയുടെ താരപ്പകിട്ട്​ ഉയർത്തിയ നിറക്കൂട്ട്, അതേ താരത്തിന്​ രണ്ടാംവരവ് സമ്മാനിച്ച ന്യൂഡല്‍ഹി, മോഹന്‍ലാലിനെ സൂപ്പർതാരമാക്കിയ രാജാവിന്‍റെ മകൻ, കണ്ണീരിന്‍റെ നനവുള്ള ആകാശദൂത്​, രാജന്‍ പി. ദേവിനെ മലയാളത്തിന്​ സമ്മാനിച്ച ഇന്ദ്രജാലം തുടങ്ങി ഭൂമിയിലെ രാജാക്കന്മാര്‍, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയിൽ, മനു അങ്കിൾ, ശ്യാമ, ചെപ്പ്, സംഘം, നായർസാബ്, കിഴക്കൻ പത്രോസ്, വജ്രം... ഡെന്നീസിന്‍റെ തൂലിക സമ്മാനിച്ച ജനപ്രിയസിനിമകളുടെ പട്ടിക നീണ്ടതാണ്​.

എൺപതുകളുടെ അവസാന പാദത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും മലയാള സിനിമയുടെ ഭാഗധേയം നിർണ്ണയിച്ച ഡെന്നിസ് ജോസഫ് 'കട്ട്​​ കട്ട്​'​ എന്ന സിനിമ മാസികയില്‍ സബ് എഡിറ്ററായി ജോലി ചെയ്താണ്​ കരിയർ തുടങ്ങുന്നത്​. അധികം വൈകാതെ അവിട‌ം വിട്ടു. സുഹൃത്തുക്കളായ അശോകന്‍, അമ്പിളി എന്നിവരുമായി ചേര്‍ന്ന്​ ഗായത്രി എന്ന പേരില്‍ ഒരു പ്രിന്‍റിങ്​ പ്രസും നടത്തിയിരുന്നു. മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച 'സിദ്ധി'യാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത 'പത്താം നിലയിലെ തീവണ്ടി' കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ തിരക്കഥ എഴുതാന്‍ ചില അവസരങ്ങള്‍ കൈവന്നെങ്കിലും ഒന്നും നടന്നില്ല.

1985ല്‍ ജേസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഈറന്‍ സന്ധ്യക്ക്​ തിരക്കഥ എഴുതിയെങ്കിലുംകഥക്കാണ്​ ക്രെഡിറ്റ്​ കിട്ടിയത്​ തുടർന്നാണ്​ ജോഷി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ തേക്കടിയിലെ സെറ്റിൽ പോയി 'നിറക്കൂട്ടി​'ന്‍റെ കഥ പറയുന്നത്​. ആദ്യ സിനിമയിൽ അത്ര പേര്​ ലഭിക്കാതിരുന്ന എഴുത്തുകാരനോട്​ ലൈറ്റപ്പ്​ ചെയ്യുന്നതിനുള്ള അരമണിക്കൂറിനുള്ളിൽ കഥ പറയണമെന്നാണ്​ ജോഷി ആവശ്യപ്പെട്ടത്​. എന്നാൽ, തിരക്കഥ വായിച്ച്​ തുടങ്ങിയ ​ജോഷി ഷൂട്ടിങ്​ വരെ നിർത്തിവെച്ച്​ തിരക്കഥ മുഴുവനും വായിക്കുകയായിരുന്നു. പിന്നെയെല്ലാം ചരിത്രം. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ നിറക്കൂട്ട്​ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തു. നിറക്കൂട്ടിലൂടെ ജോഷി-ഡെന്നീസ്​ ജോസഫ്​ എന്ന ഹിറ്റ്​കൂട്ടും മലയാളത്തിന്​ കിട്ടി. ജോഷി- ഡെന്നിസ് ജോസഫ്, തമ്പി കണ്ണന്താനം- ഡെന്നിസ് ജോസഫ്, ടി. എസ്. സുരേഷ് ബാബു- ഡെന്നിസ് ജോസഫ് കൂട്ടുകെട്ടുകൾ ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ച കാലമായിരുന്നു പിന്നീട്​.


മമ്മൂട്ടിക്കുവേണ്ടി എഴുതി, ലാലിനെ താരരാജാവാക്കിയ 'രാജാവിന്‍റെ മകൻ'

'താവളം', 'പാസ്പോര്‍ട്ട്', 'ആ നേരം അല്‍പദൂരം' എന്നീ ചിത്രങ്ങളുടെ പരാജയത്തിൽ നിന്ന്​ കരകയറാനൊരു ഹിറ്റ്​ നൽകണമെന്ന്​ പറഞ്ഞാണ്​ തമ്പി കണ്ണന്താനം ഡെന്നീസ്​ ജോസഫിനെ സമീപിക്കുന്നത്​. അങ്ങനെയാണ്​ നായകൻ തന്നെ വില്ലനാകുന്ന 'രാജാവിന്‍റെ മകൻ' ജനിക്കുന്നത്​. അഞ്ചോ ആറോ ദിവസംകൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്​. ആ പ്രമേയം നിർമിക്കുന്നതിന്​ ചില നിർമാതാക്കൾ വിസമ്മതിച്ചതോടെ ആ ദൗത്യവും തമ്പി കണ്ണന്താനം ഏറ്റെടുത്തു. ഇതിനായി തമ്പി കാർ വിറ്റു, റബ്ബര്‍ത്തോട്ടം പണയംവെച്ചു.

മമ്മൂട്ടിയെയാണ്​ തമ്പി കണ്ണന്താനം ആദ്യം സമീപിച്ചത്​. മമ്മൂട്ടി വിസമ്മതിച്ചതോടെ മോഹൻലാൽ നായകനായി. നെഗറ്റീവ് ടച്ചുള്ള മോഹന്‍ലാലിന്‍റെ വിൻസന്‍റ്​ ഗോമസിനെ ഇരുംകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. 1986 ജൂലൈ 17ന്​ മലയാള സിനിമയില്‍ പുതിയൊരു സൂപ്പർതാരവും സൂപ്പർഹിറ്റ്​ സംവിധായകനും പിറന്നു. സിനിമ മാത്രമല്ല, 'ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു അങ്കിളിന്റെ അച്ഛന്‍ ആരാണന്ന്?', 'മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്', 'മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങുമ്പോള്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും' തുടങ്ങിയ ഡയലോഗുകളും സൂപ്പര്‍ ഹിറ്റായി. അക്കാലത്ത് 'രാജാവിന്‍റെ മകന്‍' എന്ന വ്യത്യസ്ത പേരും കൗതുകമായി. രാജകുമാരന്‍ എന്നിട്ടാൽ പോ​രേ എന്ന്​ പലരും ചോദിച്ചു. എന്നാല്‍ ആ പേരിന് 'പഞ്ച്' പോരെന്ന് പറഞ്ഞ്​ തമ്പി കണ്ണന്താനം 'രാജാവിന്റെ മകൻ' എന്ന പേരില്‍ ഉറച്ചു നിൽക്കുകയായിരുന്നു.

സിനിമ ചെയ്യാൻ വിസ്സമ്മതിച്ചെങ്കിലും തിരക്കഥ എഴുതുന്നതിനിടെ മമ്മൂട്ടി തന്‍റെ റൂമിൽ വരുന്നതും താൻ എഴുതിവെച്ചിരിക്കുന്നത് എടുത്തു വായിക്കുന്നതുമെല്ലാം പിന്നീട്​ ഡെന്നീസ്​ ജോസഫ്​ വിവരിച്ചിരുന്നു. വായിക്കുക മാത്രമല്ല, വിന്‍സന്‍റ്​ ഗോമസ് എന്ന നായകകഥാപാത്രത്തിന്‍റെ ഡയലോഗ് സ്വന്തം ​​​ശൈലയിൽ മമ്മൂട്ടി അവതരിപ്പിക്കുകയും ചെയ്​തിരുന്നു.


മണിരത്​നത്തെയും രജനീകാന്തിനെയും മോഹിപ്പിച്ച 'ന്യൂഡൽഹി'

മമ്മൂട്ടിയുടെ രണ്ടാംവരവിന് വഴിയൊരുക്കിയ ന്യൂഡൽഹിയുടെ കഥയും ക്ലൈമാക്​സും ഡെന്നീസ്​ കണ്ടെത്തിയതും ഏറെ കൗതുകകരമാണ്​. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്‍റെ ജീവിതത്തെ കുറിച്ച് 'മാധ്യമം' ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ 'നിറക്കൂട്ടുകളില്ലാതെ' എന്ന ലേഖനപരമ്പരയിൽ അ​േതക്കുറിച്ച്​ പറയുന്നുണ്ട്​. എവിടെയോ വായിച്ച, സ്വന്തം പ്രസിദ്ധീകരണം ശ്രദ്ധിക്കാന്‍വേണ്ടി കൊലപാതകം നടത്താൻ തുനിഞ്ഞ ഒരു ക്രിമിനല്‍ ജീനിയസിന്‍റെ കഥയാണ്​ ഡെന്നീസ്​ കടമെടുത്തത്​. അമേരിക്കന്‍ പ്രസിഡന്‍റിനെ കൊല്ലാന്‍ അവിടത്തെ ഒരു ചെറുകിട ടാബ്ലോയ്ഡ് പത്രക്കാരന്‍ ശ്രമിച്ച കഥയായിരുന്നു അത്​.

തനിക്കായിമാത്രം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍വേണ്ടി പ്രസിഡന്‍റിനെ കൊല്ലാന്‍വേണ്ടി ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു അയാൾ. കൊലപാതകത്തിന്‍റെ സ്ഥലവും സമയവുംവരെ നിശ്ചയിച്ചുറപ്പിച്ചശേഷം തലേദിവസംതന്നെ പത്രം അടിച്ചുവെച്ചു. പക്ഷേ, കൊലപാതകം നടന്നില്ല, പത്രം പുറത്തിറങ്ങുകയും ചെയ്​തതോടെ അയാള്‍ പിടിക്കപ്പെട്ടു. അതില്‍നിന്നാണ് ന്യൂഡല്‍ഹി ജനിക്കുന്നത്. വിശ്വസനീയത കിട്ടാൻ വേണ്ടി കഥാപശ്​ചാത്തലം കേരളത്തിന്​ പകരം ഡൽഹി ആക്കിയപ്പോൾ കഥക്ക്​ പിൻബലം മാത്രമല്ല, സിനിമക്ക്​ ടൈറ്റിലും കിട്ടി.

ക്ലൈമാക്​സ്​ ആലോചിക്കു​േമ്പാളാണ്​ ഒരു പത്രത്തിന്‍റെ മുന്‍പേജില്‍ പ്രസിൽ പ്രിന്‍റ്​ ചെയ്​ത്​ കൊണ്ടിരിക്കു​േമ്പാൾ ഒരു പ്രിന്‍ററുടെ കൈപ്പത്തി അറ്റുപോയതിന്‍റെയും ആ കൈയിലെ രക്തംകൊണ്ട് രണ്ടുപേജ് അടിച്ചുവന്നതിന്‍റെയും വാർത്ത കണ്ടത്​. ഉടൻ അത്​ ക്ലൈമാക്സാക്കി. പടം സൂപ്പർഹിറ്റുമായി.

സിനിമ മദിരാശിയിലെ സഫയര്‍ തിയേറ്ററില്‍ നൂറുദിവസം റഗുലര്‍ ഷോ കളിക്കുന്ന സമയത്താണ്​ മറ്റൊരു തിരക്കഥരചനയുമായി ബന്ധപ്പെട്ട്​ അവിടെയുണ്ടായിരുന്ന ഡെന്നീസിനെ കാണാൻ സാക്ഷാൽ സുപ്പർസ്റ്റാർ രജനീകാന്ത്​ എത്തുന്നത്​. ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശം ചോദിച്ചാണ്​ അദ്ദേഹമെത്തിയത്​. ​ പക്ഷേ, അപ്പോഴേക്കും ന്യൂഡല്‍ഹിയുടെ കന്നഡ, തെലുങ്ക്​, ഹിന്ദി പതിപ്പുകളുടെ അവകാശം കൊടുത്തുകഴിഞ്ഞിരുന്നു.

പിന്നീട്​ അതേ മുറിയിൽഡെന്നീസിനെ തേടിയെത്തിയത്​ ഹിറ്റ്​ സംവിധായകൻ മണിരത്​നം ആണ്​. അദ്ദേഹത്തിന്റെ നായകന്‍, അഗ്‌നിനക്ഷത്രം എന്നീ ചിത്രങ്ങള്‍ വലിയ ഹിറ്റായി മാറിയിരിക്കുന്ന സമയമാണ്​. ഷോലേ കഴിഞ്ഞാൽ തനിക്ക്​ എറ്റവും ഇഷ്​ടപ്പെട്ട തിരക്കഥ ന്യൂഡൽഹിയു​ടേത്​ ആണെന്നും അടുത്തതായി ചെയ്യാന്‍പോകുന്ന അഞ്ജലിയെന്ന സിനിമയുടെ തിരക്കഥ ഡെന്നീസ്​ എഴുതണമെന്നുമായിരുന്നു ആവശ്യം. പക്ഷേ, ആ കുട്ടുകെട്ട്​ പിറന്നില്ല. 

Tags:    
News Summary - Dennis Joseph-the hit maker of Malayalam Cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.