ബോളിവുഡിലെ എക്കാലത്തെയും പ്രിയതാരങ്ങളായ രേഖയും മനീഷ കൊയ്‌രാളയും തമ്മിലുള്ള മനോഹരമായ സൗഹൃദത്തെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വിസ്മയിപ്പിച്ച രേഖയെക്കുറിച്ചുള്ള മനീഷയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തുടക്കകാലത്ത് ഞങ്ങൾ അത്ര അടുത്ത സുഹൃത്തുക്കളായിരുന്നില്ല എന്ന് മനീഷ പറയുന്നു. പിന്നീട് പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് തങ്ങൾക്കിടയിൽ ശക്തമായ ബന്ധം ഉടലെടുത്തത് മനീഷ പറഞ്ഞു.
‘രേഖാ ജിയുമായി ഞാൻ സൗഹൃദത്തിലാകുന്നത് വളരെ വൈകിയാണ്. ആദ്യമൊന്നും ഞാൻ അവരോട് കൂടുതൽ സംസാരിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ സംസാരിച്ചു തുടങ്ങിയപ്പോൾ അവരുടെ മറ്റൊരു വശം എനിക്ക് കാണാൻ സാധിച്ചു. എന്റെ ദൈവമേ! എന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി. ആ സ്ത്രീയിൽ അത്രയേറെ അറിവും പക്വതയും ഒളിഞ്ഞു കിടപ്പുണ്ട് -മനീഷ പറഞ്ഞു. ഒരിക്കൽ മേക്കപ്പില്ലാതെ ഞാൻ അവരെ കണ്ടു. അപ്പോഴും അവർ അതിസുന്ദരിയായിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ ഇരുന്ന് സംസാരിച്ചു. അവരുടെ സ്വാഭാവികമായ സൗന്ദര്യവും വാക്കുകളും എന്നെ മയക്കിക്കളഞ്ഞു. അതിനുശേഷം ഏതാനും ഷോകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം ദൃഢമായത് മനീഷ കൂട്ടിച്ചേർത്തു.
രേഖയും മനീഷ കൊയ്‌രാളയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് 'ലജ്ജ'. 2001ൽ പുറത്തിറങ്ങിയ ഈ ചിത്രം രാജ്കുമാർ സന്തോഷിയാണ് സംവിധാനം ചെയ്തത്. സ്ത്രീകളുടെ അവകാശങ്ങൾക്കും അവർ നേരിടുന്ന ചൂഷണങ്ങൾക്കും എതിരെ ശബ്ദമുയർത്തുന്നതാണ് പ്രമേയം. ചിത്രത്തിൽ മാധുരി ദീക്ഷിത്, മഹിമ ചൗധരി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ, പൊതുവേദികളിലും മറ്റും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. മനീഷ കൊയ്‌രാളയുടെ ചിത്രങ്ങളുടെ പ്രത്യേക സ്ക്രീനിങ്ങുകളിൽ രേഖ പങ്കെടുക്കാറുണ്ട്.
സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ടി' എന്ന സീരീസിൽ മനീഷയുടെ അഭിനയത്തെ രേഖ വലിയ രീതിയിൽ പ്രശംസിച്ചിരുന്നു. ഈ സീരീസിന്റെ സ്പെഷ്യൽ സ്‌ക്രീനിംഗിൽ രേഖ എത്തിയതും, മനീഷയെ ചേർത്തുപിടിച്ച് പ്രശംസിച്ചതും വലിയ വാർത്തയായിരുന്നു. മനീഷ തന്‍റെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും രേഖയിൽ നിന്ന് വലിയ മാനസിക പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
മനീഷയുടെ അസുഖബാധിതമായ കാലഘട്ടത്തിലും മറ്റും രേഖ നൽകിയ സ്നേഹവും കരുതലയും വളരെ വലുതാണ്. ആ സമയങ്ങളിൽ രേഖ ഒരു മൂത്ത സഹോദരിയെപ്പോലെ മനീഷക്ക് പിന്തുണ നൽകിയിരുന്നു. മേക്കപ്പില്ലാതെ കാണുമ്പോൾ പോലും രേഖയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കവും, ആത്മവിശ്വാസവുമുണ്ടെന്ന് മനീഷ പലപ്പോഴും ആവർത്തിക്കുന്ന ഒരു കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.