ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം സെഷന്‍സ് കോടതി. എറണാകുളം ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം. സെഷൻസ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീകളെ മോശമായി സ്പർശിക്കൽ എന്നീ രണ്ട് കുറ്റങ്ങളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്.

2022 ല്‍ എറണാംകുളത്തെ തന്‍റെ ഫ്ളാറ്റില്‍ ചിദംബരം അതിക്രമിച്ചു കടന്ന ശേഷം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴി വിശദമായി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികളെന്ന് പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരിയായ യുവതി രണ്ടു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിദംബംരം മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നുളള പ്രകോപനമാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ചിദംബരത്തോട് അടുത്തവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരായ ആരോപണങ്ങൾ ചിദംബരം നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി ഉണ്ടായ ഇടപെടലുകൾ ഒരു സിനിമാ പദ്ധതിയുടെ നിർമാണ സമയത്ത് ഉണ്ടായ പ്രൊഫഷണൽ സ്വഭാവമുള്ള ഒന്നായിരുന്നുവെന്നാണ് ചിദംബരത്തിന്‍റെ വാദം. പരാതി ഏകദേശം നാല് വർഷം കഴിഞ്ഞിട്ടാണ് നൽകിയതെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി.

സംവിധായകന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങൾ ഉയർത്തിയതെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ, ചിദംബരം മുമ്പ് ബോംബെ ഹൈകോടതിയിൽ സിവിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നുവെന്നും, മാധ്യമ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തെക്കുറിച്ച് അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് പരാതിക്കാരി ഒഴിവാക്കണമെന്ന് ഹൈകോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Sexual assault case: Director Chidambaram granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.