'അദ്ദേഹം എന്‍റെ അച്ഛനാണ്, മോഹൻലാലിന്‍റെ മകനായതിന് എന്തിനാണ് അഭിമാനിക്കേണ്ടത്'? അന്ന് പ്രണവ് പറഞ്ഞത്....

എളിമയിലൂടെയും ജീവിതശൈലിയിലൂടെയും പലപ്പോഴും ശ്രദ്ധ ആകർഷിക്കാറുണ്ട് നടൻ പ്രണവ് മോഹൻലാൽ. മോഹൻലാലിന്റെ മകൻ എന്ന നിലയിൽ പൊതു സമൂഹം പ്രതീക്ഷിക്കുന്ന താരജാഡകൾ ഉള്ള മുനുഷ്യനല്ല പ്രണവ്. അദ്ദേഹം ജനശ്രദ്ധയിൽ നിന്ന് മാറിനിൽക്കാൻ ഇഷ്ടപ്പെടുന്നു. കുട്ടിക്കാലത്ത് പോലും പ്രണവ് ആഡംബരങ്ങളൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും പരിമിതമായ സൗകര്യങ്ങൾക്കൊപ്പമാണ് ജീവിച്ചിരുന്നതെന്നും മോഹൻലാൽ ഒരിക്കൽ പങ്കുവെച്ചിരുന്നു.

'വിദ്യാർഥിയായിരിക്കെ വളരെ കുറഞ്ഞ സൗകര്യങ്ങളുള്ള ഒരു ഹോസ്റ്റൽ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വളരെ ലളിതമായിരുന്നു ജീവിതം. വളരെ പരിമിതമായ സൗകര്യങ്ങളുടെ ലോകമായിരുന്നു അദ്ദേഹത്തിന്റേത്. എനിക്ക് ചില വലിയ ആവശ്യങ്ങളൊക്കെ താങ്ങാൻ കഴിയുമെങ്കിലും അദ്ദേഹം ഒരിക്കലും കൂടുതൽ ഒന്നും ആവശ്യപ്പെട്ടില്ല. എന്റെ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചപ്പോഴും വളരെ കുറഞ്ഞ സൗകര്യങ്ങളാണ് തെരഞ്ഞെടുത്തത്' - 2017 ലെ ഒരു പരിപാടിയിൽ മോഹൻലാൽ പറഞ്ഞു.

തന്റെ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒരിക്കലും മകനിൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തി. പ്രണവ് മോഹൻലാൽ ഒരു പ്രത്യേക വഴി തെരഞ്ഞെടുക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന്, അവൻ എന്തായിരിക്കരുത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. നമ്മുടെ കുട്ടികൾ അപകടകരമായ ഒരു ലോകത്തിലാണ് ജീവിക്കുന്നത്. പ്രണവിന് എളുപ്പത്തിൽ തെറ്റായ പാതയിലേക്ക് പോകാമായിരുന്നു. പക്ഷേ പ്രണവ് അങ്ങനെ ചെയ്യാത്തതിൽ താൻ ശരിക്കും സന്തോഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾ അവരുടെ കുട്ടികൾ എന്തായിത്തീരരുത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോഹൻലാൽ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി (2018) എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ 12 വയസ്സുള്ളപ്പോൾ തന്നെ ഒന്നാമൻ (2002) എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. 'യഥാർഥ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്തത്. എന്നെപ്പോലെ, അഭിനയം എന്താണെന്ന് അവനും അറിയില്ല! ചലച്ചിത്ര പ്രവർത്തകർ നേരിട്ട പ്രശ്നം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെ വേഗത്തിലായിരുന്നു എന്നതാണ്. അദ്ദേഹം നടക്കുന്നതും ഇരിക്കുന്നതും പോലും വളരെ വേഗത്തിലായിരുന്നു. ചില രംഗങ്ങൾ അതിവേഗത്തിലാണ് ചിത്രീകരിച്ചത്' -എന്നാണ് അന്ന് മോഹൻലാൽ പറഞ്ഞത്.

'മകൻ സിനിമയിൽ അഭിനയിക്കണമെന്നും സ്വന്തമായി ഒരു പേര് നേടണമെന്നും ആഗ്രഹിക്കുന്ന ഒരു അച്ഛനല്ല ഞാൻ. എനിക്ക് അത്തരം അഭിലാഷങ്ങളൊന്നുമില്ല. പ്രണവ് ആഗ്രഹിച്ചതുകൊണ്ടാണ് അഭിനയിച്ചത്. ഒരിക്കൽ ആരോ അദ്ദേഹത്തോട് ചോദിച്ചു, 'മോഹൻലാലിന്റെ മകനായതിൽ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു?' അദ്ദേഹം പറഞ്ഞു, 'അദ്ദേഹം എന്റെ അച്ഛനാണ്. മോഹൻലാലിന്റെ മകനായതിനാൽ എന്തിനാണ് അഭിമാനിക്കേണ്ടത്?' അദ്ദേഹത്തിന്റെ ശാന്തമായ മനോഭാവം എനിക്ക് ഇഷ്ടപ്പെട്ടു. ജീവിതകാലം മുഴുവൻ അദ്ദേഹം അതേപടി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -മോഹൻലാൽ വ്യക്തമാക്കി. 

Tags:    
News Summary - When Pranav Mohanlal opened up about being Mohanlal’s son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.