ഭാരതിരാജ
സിനിമയെന്നാൽ സ്റ്റുഡിയോകളിലെ കൃത്രിമ സെറ്റുകളാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്ത്, കാമറയുമായി ഗ്രാമങ്ങളിലെ പച്ചപ്പിലേക്ക് ഇറങ്ങി നടന്ന മനുഷ്യനാണ് ഭാരതിരാജ. അവിടത്തെ മണ്ണിലെ മനുഷ്യരുടെ നോവും സ്നേഹവും സത്യസന്ധമായി പകർത്താൻ അദ്ദേഹം കാണിച്ച ധൈര്യം തമിഴ് സിനിമയുടെ ഗതി തന്നെ മാറ്റിമറിച്ചു. 84-ാം വയസ്സിൽ അദ്ദേഹം വിടവാങ്ങുമ്പോൾ, തമിഴ് സിനിമക്ക് അതൊരു തീരാനഷ്ടമാണ്.
1977ൽ '16 വയതിനിലേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ ഭാരതിരാജ താനൊരു വിപ്ലവകാരിയാണെന്ന് തെളിയിച്ചിരുന്നു. ഗ്രാമീണ പശ്ചാത്തലം, നാടൻ സംഭാഷണങ്ങൾ, റിയലിസ്റ്റിക് ആയ ആഖ്യാനം എന്നിവ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകതകളായിരുന്നു. അലകൾ ഓയ്വതില്ലൈ, മൺവാസനൈ, മുതൽ മര്യാദൈ തുടങ്ങിയ ചിത്രങ്ങൾ പ്രണയത്തെ അതിന്റെ തീവ്രതയിലും കാവ്യാത്മകതയിലും അവതരിപ്പിച്ച ക്ലാസിക്കുകളാണ്.
ജാതിയും വർഗ്ഗവും പ്രായവ്യത്യാസങ്ങളും തീർത്ത തടസ്സങ്ങൾക്കിടയിൽ പ്രണയിക്കുന്നവരുടെ പോരാട്ടങ്ങൾ ഭാരതിരാജ തന്റെ ചിത്രങ്ങളിലൂടെ ഒപ്പിയെടുത്തു. തന്റെ അവസാന കാലത്തും പരീക്ഷണങ്ങൾക്ക് അദ്ദേഹം മടി കാണിച്ചില്ല. 'മോഡേൺ ലവ് ചെന്നൈ' എന്ന ആന്തോളജിയിലെ 'പറവൈ കൂട്ടി വാഴും മാങ്കൾ' എന്ന ചിത്രം ഇതിനൊരു ഉദാഹരണമാണ്. പാരമ്പര്യമായി പ്രണയത്തെ നോക്കിക്കണ്ടിരുന്ന രീതിയിൽ നിന്ന് മാറി, ആധുനിക കാലത്തെ പ്രണയത്തിന്റെ സങ്കീർണ്ണതകളെ അദ്ദേഹം ഈ ചിത്രത്തിൽ കൈകാര്യം ചെയ്തു.
ഒമ്പതാം ക്ലാസ് മുതൽ പ്രണയത്തെ കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ് താനെന്നും, ആ ബോധം തന്നിലെ കലാകാരനെ എപ്പോഴും ഉണർത്തിയിട്ടുണ്ടെന്നും അദ്ദേഹം പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ‘പ്രണയമില്ലെങ്കിൽ കലയില്ല, പ്രണയമാണ് ഒരു കലാകാരനെ സൃഷ്ടിക്കുന്നത്’ ഇതാണ് ഭാരതിരാജ എന്ന സംവിധായകന്റെ അടിസ്ഥാന തത്വം. സിനിമാറ്റിക്കായ നാടകീയതയേക്കാൾ ജീവിതത്തിന്റെ നേർക്കാഴ്ചകൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ഭാരതിരാജയുടെ സിനിമകൾക്ക് ഇളയരാജ നൽകിയ സംഗീതം ഒരു പ്രത്യേക തരം മാന്ത്രികതയായിരുന്നു. ഗ്രാമീണതയുടെ മണമുള്ള ആ ഗാനങ്ങൾ ഇന്നും ആരാധകർ നെഞ്ചേറ്റുന്നു.
കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും സമർത്ഥമായി കോർത്തിണക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. നിരവധി നടീനടന്മാരെയും സാങ്കേതിക പ്രവർത്തകരെയും തമിഴ് സിനിമക്ക് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം മുമ്പന്തിയിലുണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ രാധിക, കാർത്തിക്, രാധ, രേവതി, വിജയശാന്തി തുടങ്ങിയ ഒട്ടനവധി പ്രതിഭകളെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതിരാജയാണ്. കമലഹാസൻ, രജനീകാന്ത്, ശിവാജി ഗണേശൻ തുടങ്ങിയ മുൻനിര താരങ്ങൾക്ക് കരിയർ ബ്രേക്ക് കഥാപാത്രങ്ങൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.
തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ പ്രമുഖ താരങ്ങളും സംവിധായകരും ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘ആദരാഞ്ജലികൾ ഭാരതിരാജ സർ. ഞാൻ ഇന്ന് ഒരു നടിയായി നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹമാണ്. അന്ന് ഞാൻ അഭിനയിച്ച സിനിമകളും അദ്ദേഹത്തിന്റെ സംഭാവനയാണ്’ രേവതി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട, ആദരണീയനായ ഇതിഹാസം ഭാരതിരാജ സാർ ഇനി നമ്മോടൊപ്പമില്ല എന്നറിയുന്നത് വലിയ ആഘാതമാണ്. അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമക്ക് കനത്ത മൂടൽമഞ്ഞാണ് സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എക്കാലത്തും ഫിലിം മേക്കിങിന്റെ പാഠപുസ്തകങ്ങളാണ്’ വേദനയോടെ ഖുശ്ബുവും കുറിച്ചു. ‘ഒരു സംവിധായകനെ മാത്രമല്ല, സിനിമയെ ജീവവായുപോലെ ശ്വസിച്ച ഒരാളെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹം സിനിമകൾ നിർമിക്കുകയായിരുന്നില്ല, മറിച്ച് തമിഴ് സിനിമയെ ഓരോ തവണയും പുനർനിർവചിക്കുകയായിരുന്നു’ എന്നായിരുന്നു ക്യാപ്റ്റൻ മില്ലർ സംവിധായകൻ അരുൺ മാതേശ്വരന്‍റെ വാക്കുകൾ.
തന്റെ ജീവിതയാത്രയിലെ സന്തോഷങ്ങളും ദുഃഖങ്ങളും പ്രത്യേകിച്ച് മകൻ മനോജ് ഭാരതിരാജയുടെ വിയോഗം അദ്ദേഹത്തെ തളർത്തിയിരുന്നെങ്കിലും, അവസാന നിമിഷം വരെ കലയോടുള്ള അഭിനിവേശം അദ്ദേഹം കൈവിട്ടില്ല. ഒരു സംവിധായകൻ എന്നതിലുപരി, സാധാരണക്കാരന്റെ ഭാഷയിൽ സംസാരിച്ച, സിനിമയെ ഗ്രാമങ്ങളിൽ നിന്ന് ലോകശ്രദ്ധയിലേക്ക് ഉയർത്തിയ ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. 'ഇയക്കുനർ ഇമയം' (സംവിധായകരുടെ കൊടുമുടി) എന്ന് തമിഴ് സിനിമാപ്രേമികൾ സ്നേഹത്തോടെ വിളിച്ച ഭാരതിരാജ, ഇനി ഓർമകളിലെ മായാത്ത ദൃശ്യമായി നമ്മുടെ മനസ്സിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.