പ്രിയാമണി
ഹിന്ദിയിലും തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് പ്രിയാമണി. 'ദി ഫാമിലി മാൻ' പോലുള്ള വെബ് സീരീസുകളിലൂടെ ഹിന്ദി പ്രേക്ഷകർക്കിടയിലും താരത്തിന് വലിയ ജനപ്രീതിയുണ്ട്. ഇപ്പോഴിതാ രാജ്യത്തെ അഭിനേതാക്കളെ വിശേഷിപ്പിക്കാൻ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന 'പാൻ-ഇന്ത്യൻ ആക്ടർ' എന്ന പദം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയാണ് താരം. കമൽ ഹാസൻ, രജനീകാന്ത്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങൾ പതിറ്റാണ്ടുകളായി വിവിധ ഭാഷാ സിനിമകളിൽ പ്രവർത്തിച്ചിട്ടും ഈ ടാഗ് ഉപയോഗിച്ചിരുന്നില്ലെന്നും, എല്ലാവരെയും ഇന്ത്യൻ അഭിനേതാക്കൾ എന്ന് വിളിച്ചാൽ മതിയെന്നുമാണ് പ്രിയാമണിയുടെ അഭിപ്രായം.
‘പാൻ-ഇന്ത്യ എന്ന പദമുപയോഗിക്കുന്നത് നിർത്തണമെന്ന് ഞാൻ കരുതുന്നു. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. എന്താണ് ഈ പാൻ-ഇന്ത്യ? എനിക്ക് മനസിലാകുന്നില്ല. നിങ്ങൾക്ക് മറ്റ് ഇൻഡസ്ട്രികളിൽ ജോലി കിട്ടുന്നു, അതൊരു നല്ല കാര്യമാണ്. എന്നാൽ ബോളിവുഡിൽ നിന്ന് ഒരാൾ സൗത്ത് സിനിമകളിലേക്ക് വരുമ്പോൾ നിങ്ങൾ അവരെ പ്രാദേശിക നടൻ എന്ന് വിളിക്കുന്നില്ലല്ലോ. വർഷങ്ങളായി ഇരുവശത്തുനിന്നുമുള്ള നടന്മാർ പല ഭാഷകളിലായി പ്രവർത്തിച്ചിട്ടുണ്ട്. എന്തിനാണ് നമ്മൾ ആളുകളെ ഇപ്പോൾ ലേബൽ ചെയ്യുന്നത്? കമൽഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ താരങ്ങളും മറ്റു പലരും ദശാബ്ദങ്ങളായി വിവിധ ഭാഷകളിൽ പ്രവർത്തിച്ചിട്ടും അവരെ ആരും അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. അവർ ഇന്ത്യൻ നടന്മാർ എന്ന് മാത്രമാണ് അറിയപ്പെട്ടിരുന്നത് പ്രിയാമണി പറഞ്ഞു. ഈ ടാഗ് ഉപയോഗിക്കാൻ അഭിനേതാക്കൾ ഇപ്പോൾ അമിതമായി ആഗ്രഹിക്കുന്ന ഈ പ്രവണത തമാശയായി തോന്നുന്നു. ഞങ്ങൾ ഏത് ഭാഷയിൽ പ്രവർത്തിക്കുന്നു എന്നതിൽ കാര്യമില്ല, ആരാണെന്നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എന്താണെന്നും അംഗീകരിക്കുക എന്നതാണ് പ്രധാനമെന്നും’ താരം കൂട്ടിച്ചേർത്തു.
ആളുകൾ വളരെ സെൻസിറ്റീവ് ആയിരിക്കുന്നു. അവർ ഇന്ന് സിനിമകളെയും അഭിനേതാക്കളെയും കുറിച്ച് അമിതമായി പ്രതികരിക്കുന്നവരും അതിവികാരഭരിതരും ആയി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ ഒന്നിനെയും അമിതമായി വിശകലനം ചെയ്യുകയോ മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഒരു സിനിമയെ അത് എന്താണോ, അതുപോലെ കാണുക. ഒരുപാട് പേർ കഠിനാധ്വാനം ചെയ്യുന്നുണ്ട്. സിനിമയെ സിനിമയായി, അത് എന്താണോ അതുപോലെ കാണുക. നിർമാതാക്കളും അഭിനേതാക്കളും ഒരുപാട് പരിശ്രമിക്കുന്നുണ്ട്. വിജയിക്കാം, വിജയിക്കാതിരിക്കാം, അതൊക്കെ സാധാരണം. എല്ലാവരുടെയും ഇഷ്ടം ഒരേപോലെയാവില്ല. അഭിപ്രായങ്ങൾ നല്ലതാണ്. പക്ഷേ, അമിതമായി വിമർശിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യരുതെന്നും പ്രിയാമണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.