ആസിഫ് അലി

നറുക്കെടുപ്പ് വിജയിയോട് പഴയ ഫോൺ ചോദിച്ച അവതാരകയെ തടഞ്ഞ് ആസിഫ് അലി; ‘ഇതാണ് റിയൽ ഹീറോ എന്ന്’ സോഷ്യൽമീഡിയ

നടൻ എന്ന നിലയിൽ ഓരോ സിനിമ പിന്നിടുമ്പോഴും സ്വയം മെച്ചപ്പെടുത്തുന്ന ആസിഫ് അലി, ഓഫ് സ്ക്രീനിലെ പെരുമാറ്റം കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളും കൊണ്ട് ഒരുപാട് ആരാധകരെ നേടിയ താരത്തിന്റെ പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കോഴിക്കോട് വെച്ച് നടന്ന പുതിയ ഐഫോൺ ലോഞ്ച് പരിപാടിക്കിടെയാണ് സംഭവം. പ്രൊമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിന്റെ വിജയിയെ പ്രഖ്യാപിക്കാനും സമ്മാനമായി ഐഫോൺ നൽകാനുമായാണ് ആസിഫ് അലി ചടങ്ങിൽ അതിഥിയായി എത്തിയത്.

താരം വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ അവതാരകയായ മീര അനിൽ സദസ്സിൽ നിന്ന് യുവാവിനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ യുവാവിനോട് നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ ഒന്ന് കാണിക്കൂ എന്ന് മീര ആവശ്യപ്പെടുകയായിരുന്നു. യുവാവ് പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ ഒരുങ്ങവെ ആസിഫ് അലി പെട്ടെന്ന് ഇടപെട്ട് മീരയെ തടയുകയായിരുന്നു. ഇതോടെ മീര പിന്മാറി. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു സാധാരണക്കാരന്റെ സ്വകാര്യതയെ മാനിക്കാൻ ആസിഫ് കാണിച്ച വലിയ മനസ്സിനാണ് സോഷ്യൽ മീഡിയ കയ്യടിക്കുന്നത്. സ്റ്റേജിൽ വെച്ച് തന്റെ പഴയ ഫോൺ കാണിക്കേണ്ടി വന്നാൽ ആ യുവാവിന് നാണക്കേട് തോന്നിയേക്കാം എന്ന് മനസ്സിലാക്കിയാണ് ആസിഫ് ഇടപെട്ടതെന്നാണ് ആരാധകർ പറയുന്നത്. ‘അവൾക്കില്ലാത്തതും ആസിഫിനുള്ളതും മനുഷ്യത്വമാണ്’ എന്ന തരത്തിൽ നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ വരുന്നത്. ആസിഫിനോടുള്ള ഇഷ്ടം കൂടിയെന്നാണ് ഭൂരിഭാഗം പേരും കുറിക്കുന്നത്.

ആസിഫ് അലിക്ക് സോഷ്യൽ മീഡിയയുടെ പിന്തുണ ലഭിക്കുന്നത് ഇതാദ്യമല്ല. ഇതിന് മുൻപ് തിരുവനന്തപുരത്ത് വെച്ച് നടന്ന 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ റിലീസിനിടെ സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. ചടങ്ങിൽ വെച്ച് ആസിഫ് അലി പുരസ്കാരം നൽകിയപ്പോൾ അത് വാങ്ങാൻ വിസമ്മതിച്ച സംഗീത സംവിധായകൻ രമേശ് നാരായണന്റെ നടപടി വലിയ വിവാദമായിരുന്നു. അന്ന് ആസിഫിനെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഒന്നടങ്കം താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

വിവാദം കൊഴുത്തതോടെ ഒരിക്കലും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞ് രമേശ് നാരായൺ തന്നെ വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. അന്ന് നടന്നത് പോലെ തന്നെ ഇത്തവണയും സോഷ്യൽ മീഡിയ ആസിഫിനൊപ്പം അടിയുറച്ച് നിൽക്കുകയാണ്. അതേസമയം വിമർശനം നേരിട്ടതോടെ അവതാരക മീര അനിൽ വിശദീകരണവുമായി രംഗത്തെത്തി.

‘പരിഹസിക്കാൻ വേണ്ടി ചെയ്തതല്ല. ആ മാറ്റം കാണിക്കാൻ വേണ്ടിയായിരുന്നു. പെട്ടെന്ന് ഐഫോണിലേക്ക് വരുമ്പോൾ, ഒരു പൂ പോലും പ്രതീക്ഷിക്കാതെ വരുമ്പോൾ ഒരു പൂക്കാലം തന്നെ കിട്ടുന്ന എന്ന മൊമെന്റായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷെ പലരും വേറൊരു തരത്തിലേക്ക് എടുത്തു. എല്ലായിപ്പോഴും ആസിഫ് ഒരു ചക്കരയാണ്’ മീര ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പതിനെട്ട് വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇത്രയും കാലം തന്നെ ഇവിടെ നിർത്തിയത് പ്രേക്ഷകരാണെന്നും അവർക്കുവേണ്ടിയാണ് താൻ സ്റ്റേജിലെത്തുന്നതെന്നും മീര കൂട്ടിച്ചേർത്തു.

Tags:    
News Summary - Asif Ali Wins Hearts Again Social Media Applauds His Gesture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.