‘ഞാൻ സുഖമായിരിക്കുന്നു, പൂർണ ആരോഗ്യവതി’; മരണവാർത്തയിൽ പ്രതികരിച്ച് നടി വടിവുക്കരസി
ചെന്നൈ: തന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തകളിൽ പ്രതികരിച്ച് തമിഴ് നടി വടിവുക്കരസി. താൻ പൂർണ ആരോഗ്യവതിയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നടി വ്യക്തമാക്കി. തന്തി ടി.വിയോടായിരുന്നു വടിവുക്കരസിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളിലായാണ് വടിവുക്കരസിയുടെ ആരോഗ്യനില മോശമാണെന്നും മരിച്ചെന്നുമുള്ള തരത്തിൽ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. തുടർന്ന് വ്യാജവാർത്തയിൽ പ്രതികരണവുമായി നടി രംഗത്തെത്തുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അറിയിക്കുകയും തന്നെക്കുറിച്ച് അന്വേഷിച്ചവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി പറയുകയും ചെയ്തു.
തമിഴ് സിനിമയിലും ടെലിവിഷനിലും സജീവമായ വടിവുക്കരസി ഏകദേശം അഞ്ച് പതിറ്റാണ്ടായി അഭിനയരംഗത്തുണ്ട്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 350ലേറെ സിനിമകളിലും 40ലേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പ് അധ്യാപികയായി ജോലി ചെയ്തിരുന്നു. കമൽഹാസൻ നായകനായ ‘സിഗപ്പ് റോജാക്കൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘കന്നി പരുവത്തിലെ’ എന്ന ചിത്രത്തിൽ നായികയായി എത്തി. ‘മുതൽ മരിയാതൈ’, ‘പടിക്കാതവൻ’, ‘അരുണാചലം’, ‘പടയപ്പ’, ‘ശിവാജി’, ‘ജഗമേ തന്തിരം’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2000കളുടെ തുടക്കത്തിൽ ടെലിവിഷൻ രംഗത്തും സജീവമായ വടിവുക്കരസി ‘അലൈകൾ’, ‘വംശം’, ‘കുലദൈവം’, ‘കാർത്തിക ദീപം’ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.