ഒരേ സിനിമ, ​രണ്ടു കാലം..നായിക നായകന്മാർ കണ്ടുമുട്ടിയപ്പോൾ

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ‘അമ്മ’ ജനറൽ ബോഡി യോഗം അപൂർവ കൂടിക്കാഴ്ചക്കും വേദിയായി. 1978 ല്‍ ഭരതന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിലെയും, 2011ല്‍ ടി.കെ രാജീവ്‍കുമാര്‍ അതേപേരിൽ ഒരുക്കിയ റീമേക്കിലെയും വിവിധ തലമുറയിൽപെട്ട താരങ്ങൾ ഇന്നലെ ‘അമ്മ’ യോഗത്തിൽ ഒന്നിച്ചു.

ആദ്യ ചിത്രത്തിലെ ജയഭാരതിയും കൃഷ്ണചന്ദ്രനും, റീമേക്കിലെ ശ്വേത മേനോനും ശ്രീജിത്ത് വിജയിയും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇവരെ ഒരു ഫ്രെയിമിൽ കണ്ടതോടെ പഴയ സിനിമാ ഓർമ്മകൾ പങ്കുവെച്ച് നിരവധി പേർ ഫേസ്ബുക്കിൽ കുറിപ്പുമായെത്തി. മുതിര്‍ന്ന സ്ത്രീയോട് തോന്നുന്ന കൗമാരക്കാരന്‍റെ അഭിനിവേശമായിരുന്നു സിനിമകളുടെ പ്രമേയം. നടൻ കൃഷ്ണചന്ദ്രനടക്കം വൈറൽ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

Full View

ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിന്​ നിർമാതാക്കൾ കനിയണം

കലൂർ ഗോകുലം കൺവെൻഷൻ സെന്‍ററിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം, പൊലീസ് പരിശോധന, യുവനടന്മാരുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.

‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ സംസാരിക്കുന്നു 

പെരുമാറ്റദൂഷ്യം സംബന്ധിച്ച്​ ആരോപണങ്ങൾ നേരിട്ട യുവനടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം താരസംഘടനയായ അമ്മയിൽ അംഗത്വം ലഭിക്കില്ല. നിർമാതാക്കളുടെ സംഘടനയിൽനിന്ന്​ എൻ.ഒ.സി ലഭിച്ച ശേഷമേ അംഗത്വത്തി​ന്‍റെ കാര്യം പരിഗണിക്കൂവെന്ന്​ തീരുമാനമായി.

‘അമ്മ’ ജനറൽ ബോഡി യോഗത്തിനെത്തിയ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ

അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് വിതരണോദ്ഘാടനം നടൻ മമ്മൂട്ടിക്ക് നൽകി പ്രസിഡന്‍റ്​ മോഹൻലാൽ നിർവഹിച്ചു. വിജയൻ കാരന്തൂർ, ബിനു പപ്പു, സലിം ബാവ, സഞ്ജു ശിവറാം, ശ്രീജ രവി, നിഖില വിമൽ എന്നിവർ പുതുതായി സംഘടനയിൽ അംഗത്വം നൽകി. ഒരു വർഷത്തിനിടെ അന്തരിച്ച ഒമ്പത് അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ദീഖ്​ കണക്കും അവതരിപ്പിച്ചു. 2024 ജൂൺ 30ന് അടുത്ത വാർഷിക പൊതുയോഗം ചേരാനും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.

Tags:    
News Summary - viral photo of rathinirvedam stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.