സൂര്യക്കും ജ്യോതികക്കുമൊപ്പം വിജയ്‌യുടെ അമ്മ
സൂര്യയെ മകനെപ്പോലെ ചേർത്തുപിടിച്ച് വിജയ്‌യുടെ അമ്മ; സ്നേഹചിത്രം ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ-ജിത്തു മാധവൻ കൂട്ടുകെട്ടിലെ പുതിയ ചിത്രം 'സീൻ' നവംബർ 6ന് തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിലാണ് ആരാധകരുടെ മനം കവർന്നുകൊണ്ട് പുതിയ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും, നടൻ സൂര്യയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുന്നത്. വിജയ്‌യുടെ ബന്ധുവും പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. അടുത്തിടെ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയപ്പോഴാണ് സൂര്യയും ശോഭ ചന്ദ്രശേഖറും ഒരേ ഫ്രെയിമിൽ എത്തിയത്.
ചിത്രങ്ങളിൽ സൂര്യയെ സ്വന്തം മകനെപ്പോലെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു നിൽക്കുന്ന ശോഭ ചന്ദ്രശേഖറെയാണ് കാണാനാകുന്നത്. സൂര്യയോടുള്ള അവരുടെ സ്നേഹവും അടുപ്പവും വ്യക്തമാക്കുന്ന ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. മറ്റൊരിൽ ചിത്രത്തിൽ സൂര്യയ്ക്കൊപ്പം ജ്യോതികയും ശോഭക്കൊപ്പം നിൽക്കുന്നതും കാണാം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധിപ്പേരാണ് സ്നേഹം നിറഞ്ഞ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീൻ' എന്ന ചിത്രത്തിന് വലിയ ഹൈപ്പാണ് ഉള്ളത്. ചിത്രത്തിൽ ഒരു ശക്തമായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് യുവതാരം നസ്‌ലെൻ ചിത്രത്തിൽ സൂര്യയുടെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നസ്രിയ ആണ് ചിത്രത്തിൽ സൂര്യയുടെ നായിക.
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സിനിമയെക്കുറിച്ചുള്ള ഓരോ ചെറിയ അപ്‌ഡേറ്റും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ രാവിലെ കൃത്യം ആറ് മണിക്കുതന്നെ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
ആദ്യ ഷോക്കായി കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെയുള്ള ആരാധകർ വലിയൊരുക്കങ്ങളോടെയാണ് കാത്തിരിക്കുന്നത്. പ്രൊമോഷൻ വിശേഷങ്ങളും താരങ്ങളുടെ ഒത്തുചേരലുകളും കൂടി ഒത്തുവന്നതോടെ സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.