ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി; റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'കേരള റോഡ് സേഫ്റ്റി മിഷൻ', പ്രഖ്യാപനം 15ന്
കൊച്ചി: സംസ്ഥാനത്തെ റോഡപകട മരണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായ 'കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ' രൂപീകരിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ. മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 15-ന് രാവിലെ 11-ന് എറണാകുളം ടൗൺഹാളിൽ നടക്കും. പദ്ധതിയുടെ പ്രചാരണാർത്ഥം നടൻ മമ്മൂട്ടിയെ ബ്രാൻഡ് അംബാസഡറായി നിയമിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ പ്രതിവർഷം ശരാശരി 3,600 പേരാണ് റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നത്. കൃത്യമായ ബോധവത്കരണത്തിലൂടെയും കർശന നിയമപാലനത്തിലൂടെയും മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കും. ബോധപൂർവം വീഴ്ച വരുത്തുന്നവർക്കെതിരെയും നിയമലംഘകർക്കെതിരെയും കശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ ഇനി ജില്ല, പ്രാദേശിക തലങ്ങളിലേക്കും വ്യാപിപ്പിക്കും. തദ്ദേശ സ്വയംഭരണ തലത്തിൽ 'സേഫ് ഡ്രൈവിങ് ക്ലബ്ബുകൾ' രൂപീകരിക്കും. അപകടസാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കൽ, റോഡുകളുടെ നവീകരണം, സൈൻ ബോർഡുകളുടെ അറ്റകുറ്റപ്പണി, സീബ്രാ ലൈനുകളുടെ വീതി കൂട്ടൽ, റോഡ് മാർക്കിങ്ങിൽ പ്രത്യേക കളർ കോഡുകൾ ഉൾപ്പെടുത്തി സുരക്ഷാ മേഖലകൾ സജ്ജമാക്കൽ തുടങ്ങിയവും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തുന്നതിനും ഡിജിറ്റൽ ബോധവത്കരണത്തിനായി പ്രത്യേക മൊബൈൽ ആപ്പുകൾ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകും.
നിലവിലുള്ള സുരക്ഷാ നിയമങ്ങളും സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തി, ജനകീയ പങ്കാളിത്തത്തോടെ ദീർഘകാലാടിസ്ഥാനത്തിൽ അപകടങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.