മൈക്കിൾ ജാക്സന്റെ സ്വത്തിൽ 600 മില്യൺ ഡോളർ ആവശ്യപ്പെട്ട് മകൾ; എസ്റ്റേറ്റ് അധികൃതർക്കെതിരെ കോടതിയെ സമീപിച്ച് പാരിസ് ജാക്സൺ

ലോസ് ആഞ്ചലസ്: പോപ് സംഗീത ഇതിഹാസം മൈക്കിൾ ജാക്സന്റെ മരിച്ചിട്ട് 17 വർഷം കഴിഞ്ഞിട്ടും മക്കൾക്കായി ഒരുക്കിയ കുടുംബ ട്രസ്റ്റിലേക്ക് പണം കൈമാറിയിട്ടില്ലെന്ന് ആരോപിച്ച് മകൾ പാരിസ് ജാക്സൺ കോടതിയിൽ. പിതാവിന്റെ സ്വത്തിൽനിന്ന് 600 മില്യൺ ഡോളർ (ഏകദേശം 5,300 കോടി രൂപ) കുടുംബ ട്രസ്റ്റിലേക്ക് മാറ്റണമെന്നാണ് 28കാരിയായ പാരിസിന്റെ ആവശ്യം. ലോസ് ആഞ്ചലസ് കൗണ്ടി സുപീരിയർ കോടതിയിലാണ് ഇതുസംബന്ധിച്ച ഹരജി സമർപ്പിച്ചത്. എന്നാൽ നികുതി സംബന്ധിച്ച നിയമതർക്കങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകാതെ ഇത്രയും വലിയ തുക ട്രസ്റ്റിലേക്ക് മാറ്റാനാകില്ലെന്നാണ് സ്വത്ത് കൈകാര്യം ചെയ്യുന്ന എക്സിക്യൂട്ടീവുകളുടെ നിലപാട്.

2009 ജൂണിൽ 50-ാം വയസിലാണ് മൈക്കിൾ ജാക്സൺ അന്തരിച്ചത്. പ്രിൻസ്, പാരിസ്, ബിഗി എന്നിവരാണ് അദ്ദേഹത്തിന്റെ മൂന്ന് മക്കൾ. ഇവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനായി മൈക്കിൾ ജാക്സൺ വിൽപത്രത്തിലൂടെ കുടുംബ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. മക്കൾക്ക് 21 വയസ് പൂർത്തിയാകുമ്പോൾ ട്രസ്റ്റിൽനിന്നുള്ള വരുമാനം ലഭിക്കാനും 30, 35, 40 വയസുകളിൽ നിശ്ചിത ഇടവേളകളിലായി സ്വത്തിന്റെ പ്രധാന ഭാഗങ്ങളിൽനിന്ന് വിഹിതം ലഭിക്കാനുമായിരുന്നു വ്യവസ്ഥയെന്നാണ് പാരിസ് പറയുന്നത്.

എന്നാൽ ഈ വ്യവസ്ഥകൾ പ്രകാരമുള്ള പണമിടപാടുകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് പാരിസിന്റെ പരാതി. മൂത്ത മകൻ പ്രിൻസിന് 29 വയസായി. പാരിസിന് അടുത്ത ഏപ്രിലിൽ 29 വയസ് തികയും. ഇളയ മകൻ ബിഗിക്ക് അടുത്ത ഫെബ്രുവരിയിൽ 25 വയസാകും. എന്നിട്ടും പിതാവ് ഉദ്ദേശിച്ച രീതിയിലുള്ള ട്രസ്റ്റ് വിതരണം ആരംഭിച്ചിട്ടില്ലെന്നും എസ്റ്റേറ്റിന്റെ നിയന്ത്രണം കൈവശമുള്ള എക്സിക്യൂട്ടീവ് ജോൺ ബ്രാങ്കയുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് തങ്ങൾക്കുള്ള പണം ലഭിക്കുന്നതെന്നും പാരിസ് ആരോപിക്കുന്നു.

മൈക്കിൾ ജാക്സന്റെ മരണശേഷം അദ്ദേഹത്തിന്റെ സംഗീതാവകാശങ്ങൾ, സ്വത്തുക്കൾ, മറ്റ് വാണിജ്യ ഇടപാടുകൾ എന്നിവയിലൂടെ എസ്റ്റേറ്റ് വൻതോതിൽ വരുമാനം നേടിയിട്ടുണ്ടെന്നാണ് പാരിസിന്റെ അഭിഭാഷകരുടെ വാദം. 2018ൽ ഇ.എം.ഐ മ്യൂസിക് പബ്ലിഷിങ്ങിലെ എസ്റ്റേറ്റിന്റെ ഓഹരി 287.5 മില്യൺ ഡോളറിന് വിറ്റിരുന്നു. 2020ൽ പ്രശസ്തമായ നെവർലാൻഡ് റാഞ്ച് 22 മില്യൺ ഡോളറിനും വിൽപന നടത്തി. 2023ൽ മൈക്കിൾ ജാക്സന്റെ സംഗീതവും മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങളും സംബന്ധിച്ച് സോണിയുമായും വലിയ ഇടപാട് നടന്നിരുന്നു.

ഈ ഇടപാടുകളിലൂടെ നികുതിക്കും മറ്റ് ചെലവുകൾക്കുമുമ്പ് ഒരു ബില്യൺ ഡോളറിലധികം വരുമാനം ലഭിച്ചതായാണ് റിപ്പോർട്ട്. 2024 ഡിസംബറിലെ എസ്റ്റേറ്റ് സാമ്പത്തിക കണക്കുകൾ പ്രകാരം ഏകദേശം 850 മില്യൺ ഡോളർ പണമായും പണത്തിന് തുല്യമായ ആസ്തികളായും കൈവശമുണ്ടായിരുന്നു. നിലവിലുള്ള ബാധ്യതകളും മറ്റ് ചെലവുകളും കണക്കാക്കിയ ശേഷവും ഏകദേശം 600 മില്യൺ ഡോളർ മക്കളുടെ ട്രസ്റ്റിലേക്ക് കൈമാറാൻ കഴിയുമെന്നാണ് പാരിസിന്റെ അഭിഭാഷകരുടെ വിലയിരുത്തൽ.

ഈ തുക പൂർണമായോ അല്ലെങ്കിൽ കോടതി ഉചിതമെന്ന് കരുതുന്ന മറ്റൊരു തുകയായോ കുടുംബ ട്രസ്റ്റിലേക്ക് മാറ്റാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം. പണം എപ്പോൾ, എത്രത്തോളം വിതരണം ചെയ്യണമെന്ന് എസ്റ്റേറ്റ് എക്സിക്യൂട്ടീവുകൾക്ക് പൂർണ നിയന്ത്രണമുള്ളതിനാൽ തങ്ങളും സഹോദരങ്ങളും അവരുടെ തീരുമാനങ്ങളെ ആശ്രയിച്ച് കഴിയേണ്ടിവരുന്നുവെന്നും പാരിസ് ആരോപിക്കുന്നു.

എന്നാൽ പാരിസിന്റെ ആരോപണങ്ങൾ എസ്റ്റേറ്റ് അധികൃതർ നിഷേധിച്ചു. മക്കൾക്ക് ലഭിക്കേണ്ട പണം തടഞ്ഞുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവരുടെ ആവശ്യങ്ങൾക്കായി ഇതിനകം 200 മില്യൺ ഡോളറിലധികം വിതരണം ചെയ്തിട്ടുണ്ടെന്നും പീപ്പിൾ മാസികയോട് നൽകിയ പ്രസ്താവനയിൽ എസ്റ്റേറ്റ് അധികൃതർ വ്യക്തമാക്കി. മൈക്കിൾ ജാക്സന്റെ വിൽപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം മക്കൾക്ക് 30 വയസ് പൂർത്തിയാകുന്നതിന് മുമ്പ് ട്രസ്റ്റിൽനിന്ന് നിശ്ചിത വിഹിതം ലഭിക്കില്ലെന്നും അവർ വാദിക്കുന്നു.

മൈക്കിൾ ജാക്സന്റെ സ്വത്ത് കൈകാര്യം ചെയ്യുന്ന രീതിയെച്ചൊല്ലി പാരിസ് നേരത്തെയും എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ട്. തന്റെ പരാതികൾക്ക് മറുപടിയായി പൊതുവിമർശനങ്ങളും നിയമനടപടികളും ഉണ്ടായെന്നും തനിക്കും സഹോദരങ്ങൾക്കും ലഭിക്കുന്ന പണത്തിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ കുറവുണ്ടായെന്നും പുതിയ ഹരജിയിൽ പാരിസ് ആരോപിക്കുന്നു.

ഈ വർഷം ആദ്യം എസ്റ്റേറ്റിന്റെ എക്സിക്യൂട്ടീവുകൾ 2018ൽ പുറത്തുള്ള നിയമസ്ഥാപനങ്ങൾക്ക് ബോണസായി നൽകിയ 625,000 ഡോളർ തിരികെ എസ്റ്റേറ്റിലേക്ക് നൽകണമെന്ന് ലോസ് ആഞ്ചലസ് കോടതി ഉത്തരവിട്ടിരുന്നു. ഈ പണമിടപാടിനെ പാരിസ് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു നടപടി. കോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിലും ഉത്തരവ് പാലിക്കുമെന്ന് എസ്റ്റേറ്റ് അഭിഭാഷകർ അറിയിച്ചിരുന്നു.പാരിസ് സമർപ്പിച്ച ഹരജി ഡിസംബർ നാലിന് കോടതി പരിഗണിക്കും.  

Tags:    
News Summary - Paris Jackson Seeks $600 Million From Father Michael Jackson’s Estate, Alleges Children’s Trust Remains Unfunded 17 Years After His Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.