'ക്യാപ്റ്റൻ ജാക്ക് സ്പാരോയായി വീണ്ടുമെത്താം പക്ഷെ ഒരു കണ്ടീഷനുണ്ട്'; 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ' ഫ്രാഞ്ചൈസിക്ക് സൈൻ ഓഫ് നൽകണമെന്ന് ജോണി ഡെപ്പ്
ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയൻ' ഫ്രാഞ്ചൈസിയിലേക്ക് ക്യാപ്റ്റൻ ജാക്ക് സ്പാരോയായി വീണ്ടും തിരിച്ചെത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഹോളിവുഡ് താരം ജോണി ഡെപ്പ്. എന്നാൽ ഇതിനായി തനിക്ക് ഒരു പ്രധാന നിബന്ധനയുണ്ടെന്ന് ഡെപ്പ് വ്യക്തമാക്കി. ഫ്രാഞ്ചൈസിക്ക് മികച്ചൊരു സൈൻ ഓഫ് നൽകാനും കഥാപാത്രത്തെ അതിമനോഹരമായി അവസാനിപ്പിക്കാനും സാധിക്കുമെങ്കിൽ മാത്രമേ താൻ പുതിയ ചിത്രത്തിന്റെ ഭാഗമാകൂ എന്നാണ് ഡെപ്പ് വെളിപ്പെടുത്തിയത്.
'എന്റർടൈൻമെന്റ് ടുനൈറ്റ്' മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡെപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത്. "പൈറേറ്റ്‌സ് ഫ്രാഞ്ചൈസിയുടെ കഥയും ഇതിവൃത്തവും കൃത്യമായി അവസാനിപ്പിക്കാൻ അനുയോജ്യമായ ഘട്ടത്തിലാണ് നിൽക്കുന്നതെങ്കിൽ, അതിന് കൂടുതൽ മിഴിവേകുന്ന രീതിയിൽ ഒരു 'യാത്രയയപ്പ്' നൽകാൻ മാത്രമായിരിക്കും താൻ ആഗ്രഹിക്കുന്നത്," ഡെപ്പ് പറഞ്ഞു. ഇതിനൊപ്പം ചിത്രത്തിന്റെ നിർമ്മാതാവും തന്റെ അടുത്ത സുഹൃത്തുമായ ജെറി ബ്രൂക്ക്ഹൈമറുമായുള്ള ബന്ധത്തെക്കുറിച്ചും ഡെപ്പ് സംസാരിച്ചു. "ജെറിക്കൊപ്പം നാളെ വേണമെങ്കിലും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്. പ്രോജക്റ്റ് എന്താണെന്നത് വിഷയമല്ല, ജെറിയെ എനിക്ക് അത്രയധികം വിശ്വാസമാണ്. ഞങ്ങളുടേത് വളരെ ആഴത്തിലുള്ള സൗഹൃദമാണ്," ഡെപ്പ് കൂട്ടിച്ചേർത്തു.
2003 മുതൽ 2017 വരെ പുറത്തിറങ്ങിയ അഞ്ച് പൈറേറ്റ്‌സ് ചിത്രങ്ങളിലും നായകനായ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിച്ചത് ജോണി ഡെപ്പായിരുന്നു. 2017-ൽ റിലീസ് ചെയ്ത 'ഡെഡ് മെൻ ടെൽ നോ ടെയിൽസ്' ആണ് ഈ സീരീസിലെ അവസാന ചിത്രം. അതിനുശേഷം വ്യക്തിപരമായ നിയമപോരാട്ടങ്ങളെ തുടർന്ന് ഡിസ്നിയുമായി ഡെപ്പ് അകന്നിരുന്നു. എന്നാൽ ബ്രൂക്ക്ഹൈമറുമായുള്ള സൗഹൃദവും മികച്ചൊരു തിരക്കഥയും ഒത്തുവന്നാൽ സിനിമയിലേക്ക് തിരിച്ചെത്താൻ താരം സന്നദ്ധനാണെന്നാണ് പുതിയ അഭിമുഖം വ്യക്തമാക്കുന്നത്.
അതേസമയം, പൈറേറ്റ്‌സ് പരമ്പര പുനരാരംഭിക്കുന്നതിനായി അണിയറയിൽ ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നിർമ്മാതാവ് ജെറി ബ്രൂക്ക്ഹൈമറും സ്ഥിരീകരിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ജെഫ് നാഥൻസൺ തയ്യാറാക്കുന്ന തിരക്കഥയുടെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജാക്ക് സ്പാരോ എന്ന ഇതിഹാസ കഥാപാത്രത്തെ സൃഷ്ടിച്ചത് ജോണി ഡെപ്പിന്റെ മാത്രം പ്രതിഭയാണെന്നും, അദ്ദേഹത്തെ പുതിയ ചിത്രത്തിലേക്ക് തിരികെ കൊണ്ടുവരാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും ബ്രൂക്ക്ഹൈമർ മുൻപ് വ്യക്തമാക്കിയതാണ്.
ഇതിന് പുറമെ, നടി മാർഗോ റോബിയെ പ്രധാന കഥാപാത്രമാക്കി നിർമ്മിക്കാൻ ഉദ്ദേശിച്ച മറ്റൊരു പൈറേറ്റ്‌സ് ചിത്രവും ഡിസ്നിയുടെ പരിഗണനയിലുണ്ട്. കഥാപാത്രത്തിന് അനുയോജ്യമായ മാറ്റങ്ങളോടെ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ജോണി ഡെപ്പിന്റെ ഈ പുതിയ വെളിപ്പെടുത്തൽ ലോകമെമ്പാടുമുള്ള പൈറേറ്റ്‌സ് സിനിമാ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.