തമിഴ്നാട്ടിൽ 6 മണി ഷോകൾ തിരിച്ചെത്തുന്നു; ദിവസവും 5 ഷോകൾക്ക് അനുമതി നൽകി വിജയ് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആഴ്ചകളിൽ രാവിലെ 6 മണിയുടെ പ്രത്യേക പ്രദർശനങ്ങൾ പുനരാരംഭിക്കാൻ വിജയ് സർക്കാർ ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം തിയേറ്ററുകൾക്ക് ആദ്യ ആഴ്ചയിൽ ദിവസേന അഞ്ച് ഷോകൾ വരെ നടത്താം. രാവിലെ 6 മണിക്ക് ആരംഭിച്ച് പുലർച്ചെ 2.30ഓടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.
കൂടാതെ വാരാന്ത്യങ്ങളിലും, ദേശീയ-സംസ്ഥാന അവധി ദിവസങ്ങളിലും തിയേറ്ററുകളിൽ ആറ് ഷോകൾ വരെ പ്രദർശിപ്പിക്കാനും പുതിയ ഉത്തരവിലൂടെ അനുമതി നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിലവിൽ ദിവസവും നാല് ഷോകൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. ഇതിൽ ആദ്യത്തെ ഷോ രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുന്നത്.
നവംബർ 6ന് റിലീസ് ചെയ്യുന്ന സൂര്യയുടെ ‘സീൻ’, നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ എന്നീ സിനിമകൾക്കായിരിക്കും ഈ തീരുമാനത്തിന്റെ ആനുകൂല്യം ആദ്യം ലഭിക്കുക. മുൻപ് അജിത് കുമാറിന്റെ ‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ രോഹിണി സിൽവർ സ്ക്രീൻ തിയേറ്ററിന് പുറത്തുവെച്ച് ആരാധകൻ മരിച്ചതിനെ തുടർന്നായിരുന്നു ഡി.എം.കെ സർക്കാർ അതിരാവിലെയുള്ള ഷോകൾ നിരോധിച്ചത്. അന്നുമുതൽ സിനിമകളുടെ പ്രദർശന സമയക്രമത്തിൽ സർക്കാർ കർശനമായ നിയമങ്ങൾ പാലിച്ചുവരികയായിരുന്നു.
പുതിയ സർക്കാർ ഉത്തരവ് നിലവിൽ വരുന്നതോടെ പുതിയ സിനിമകളുടെ റിലീസ് ആഴ്ചകളിൽ അതിരാവിലെ തന്നെ പ്രദർശനങ്ങൾ ആരംഭിക്കാൻ തിയേറ്റർ ഉടമകൾക്ക് സാധിക്കും. ഇത് സിനിമാ ആരാധകർക്കും സിനിമാ വ്യവസായത്തിനും വലിയ ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.