കമൽ, മമിത

അന്ന് മമിതയെ നായികയാക്കാൻ തീരുമാനിച്ചിരുന്നു, പക്ഷേ നായകനും നിർമാതാവും എതിർത്തെന്ന് സംവിധായകൻ കമൽ

മലയാള സിനിമയിലെ മുൻനിര നായികമാരിലേക്കുള്ള മമിത ബൈജുവിന്റെ അതിവേഗ വളർച്ച വലിയ ചർച്ചയാകുമ്പോൾ, താരത്തെക്കുറിച്ച് സംവിധായകൻ കമൽ വെളിപ്പെടുത്തിയ പഴയൊരു അനുഭവമാണ് ശ്രദ്ധ നേടുന്നത്.

'പ്രേമലു' എന്ന ചിത്രത്തിന് മുൻപ് തന്നെ മമിതയെ നായികയാക്കി താൻ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്നും, എന്നാൽ അന്ന് നായക നടന്റെയും നിർമാതാവിന്റെയും എതിർപ്പ് കാരണം ആ അവസരം നഷ്ടപ്പെടുകയായിരുന്നെന്നും സംവിധായകൻ കമൽ പറയുന്നു. രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ 'ഖോ ഖോ' എന്ന സിനിമ കണ്ടതിനു ശേഷമാണ് മമിത ബൈജുവിനെ തന്റെ ചിത്രത്തിലേക്ക് പരിഗണിച്ചതെന്ന് കമൽ പറയുന്നു.

ആ ചിത്രത്തിലെ മമിതയുടെ പ്രകടനം തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്നും, ആ ഒറ്റ ചിത്രത്തിലൂടെത്തന്നെ മമിതയെ നായികയാക്കാൻ താൻ മനസ്സിൽ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് മമിതയുമായി ബന്ധപ്പെടുകയും അമ്മയ്ക്കൊപ്പമെത്തി മമിത താൻ പറഞ്ഞ കഥ കേൾക്കുകയും ചെയ്തിരുന്നു. കഥാപാത്രത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ മമിതയുടെ കണ്ണുകളിലുണ്ടായിരുന്ന കൗതുകവും ആവേശവും താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് കമൽ പറയുന്നു. മമിതയും കഥയും കഥാപാത്രവും പരസ്പരം ഏറെ ഇണങ്ങുമെന്ന് അന്ന് തനിക്ക് ഉറപ്പായിരുന്നു.

എന്നാൽ, സംവിധായകൻ എന്ന നിലയിൽ താൻ മമിതയുടെ പേര് നിർദേശിച്ചെങ്കിലും ചിത്രത്തിലെ നായക നടനും നിർമാതാവും അതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. ഒരു സിനിമയുടെ മുഖ്യ നായികയായി അഭിനയിക്കാൻ അപ്പോൾ ഒരു പുതുമുഖം പോരെന്നും, പ്രേക്ഷകർക്കിടയിൽ ഇതിനകം അറിയപ്പെടുന്ന ഒരു പ്രമുഖ നായിക തന്നെ വേണമെന്നുമായിരുന്നു അവർ ആവശ്യപ്പെട്ടത്.

മമിത ഭാവിയിൽ വലിയൊരു താരമായി വളരുമെന്ന് അന്ന് താൻ അവരോട് വ്യക്തമാക്കിയെങ്കിലും ആ വാദം അവർ അംഗീകരിച്ചില്ലെന്ന് കമൽ ഓർത്തെടുക്കുന്നു. പിന്നീട് 'സൂപ്പർ ശരണ്യ' അടക്കമുള്ള ചിത്രങ്ങളിലൂടെ മമിത തെന്നിന്ത്യൻ സിനിമാലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. ഒടുവിൽ 'പ്രേമലു'വിലൂടെ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് നായികയായി താരം ഉയർന്നുകഴിഞ്ഞു. അന്ന് മമിതയെ ഒഴിവാക്കിയതിൽ ആ നിർമാതാവും നായകനും ഇപ്പോൾ തീർച്ചയായും ഖേദിക്കുന്നുണ്ടാകുമെന്നാണ് കമൽ പറയുന്നത്.

Tags:    
News Summary - Kamal Chose Mamitha, Makers Rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.