നയൻതാര
റിലീസിന് മുമ്പ് കാളികാംബാൽ ക്ഷേത്രത്തിൽ നയൻതാര; 'മൂക്കുത്തി അമ്മൻ 2'ന് വേണ്ടി പ്രത്യേക പൂജയും അന്നദാനവും
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 'മൂക്കുത്തി അമ്മൻ 2'ന്റെ വിജയത്തിനായി ദേവിയുടെ അനുഗ്രഹം തേടി നയൻതാര. ചെന്നൈയിലെ പ്രസിദ്ധമായ കാളികാംബാൽ ക്ഷേത്രത്തിലാണ് നയൻതാര പ്രത്യേക പൂജ നടത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് നയൻതാര ക്ഷേത്രത്തിലെത്തിയത്. കടും നീല നിറത്തിലുള്ള സാരിയും, മുടിയിൽ മുല്ലപ്പൂവും, മൂക്കുത്തി അമ്മൻ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന രണ്ട് മൂക്കുത്തിയും ധരിച്ചായിരുന്നു താരത്തിന്റെ വരവ്. ക്ഷേത്രത്തിൽ പ്രത്യേക പൂജയും ഹോമവും നടത്തിയ ശേഷം ഭക്തർക്ക് സാരികളും പൂക്കളും വിതരണം ചെയ്യുകയും അന്നദാനത്തിൽ പങ്കെടുത്ത് ഭക്തർക്ക് ഭക്ഷണം വിളമ്പുകയും ചെയ്തു.
താരത്തെ കാണാൻ ക്ഷേത്ര പരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പല ആരാധകരും വികാരാധീനരായതും വിഡിയോകളിൽ കാണാം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വിഡിയോകളാണ് വൈറലാകുന്നത്.
നയൻതാരയുടെ ഈ ക്ഷേത്ര സന്ദർശനം വെറുമൊരു ചടങ്ങല്ലെന്ന് സംവിധായകൻ സുന്ദർ സി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ടീം ഒരു തടസ്സം നേരിട്ടപ്പോൾ, നയൻതാര വ്രതമെടുത്ത് മസാനി അമ്മൻ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു. ഷൂട്ടിങ് സുഗമമായി തുടങ്ങാൻ വേണ്ടിയായിരുന്നു അത്. പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും ചിത്രവുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു.
സുന്ദർ സി സംവിധാനം ചെയ്യുന്ന 'മൂക്കുത്തി അമ്മൻ 2 - വേൾഡ് ഓഫ് മഹാശക്തി' നവംബർ 6ന് തിയറ്ററുകളിലെത്തും. ദീപാവലി സീസണിൽ തന്നെയാണ് റിലീസ്.
2020ൽ ആർജെ ബാലാജി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മൻ' എന്ന ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയാണിത്. എങ്കിലും ഇത് നേരിട്ടുള്ള രണ്ടാം ഭാഗമല്ലെന്നും, അതേ ദൈവിക ആശയത്തിൽ പുതിയ കഥാപാത്രങ്ങളും പുതിയ കഥയുമായി വരുന്ന സ്വതന്ത്ര ചിത്രമാണെന്നും ഉർവശി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ ചിത്രത്തിൽ നയൻതാര ഇരട്ട വേഷത്തിലാണ് എത്തുന്നത്. മൂക്കുത്തി അമ്മനായും, ഒരു പൊലീസ് ഓഫീസറായും. രജീന കസാന്ദ്ര, ദുനിയ വിജയ് എന്നിവർ വില്ലൻ വേഷങ്ങളിൽ എത്തുന്നു. ഉർവശി, യോഗി ബാബു, അഭിനയ, ഗരുഡ റാം, സ്നേഹ, മീന തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ഏകദേശം 100 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നവംബർ 6ന് 'മൂക്കുത്തി അമ്മൻ 2'ന് കടുത്ത മത്സരമാണ് നേരിടാനുള്ളത്. സൂര്യ നായകനാകുന്ന ജിത്തു മാധവന്റെ 'സീൻ', രൺബീർ കപൂർ നായകനാകുന്ന 'രാമായണ' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും അതേ ദിവസം തന്നെയാണ് റിലീസ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ നയൻതാരയുടെ ഈ ക്ഷേത്ര സന്ദർശനം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ദേവിയായി തന്നെ അഭിനയിക്കുന്ന താരം, യഥാർത്ഥ ദേവിയുടെ മുന്നിൽ അനുഗ്രഹം തേടിയെത്തിയത് സിനിമക്ക് വലിയ പോസിറ്റീവ് എനർജി നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.