സിനിമകളിൽ അതിഥി വേഷങ്ങൾ ചെയ്യുന്നത് പൂർണമായും അവസാനിപ്പിച്ചതായി തമിഴ് താരം വിജയ് സേതുപതി. താൻ പ്രധാന വേഷങ്ങൾ ചെയ്യുന്ന സിനിമകളുടെ ബിസിനസിനെ ഇത്തരം കുഞ്ഞു വേഷങ്ങൾ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ജയിലർ 2 എന്ന ചിത്രത്തിന് വേണ്ടി മാത്രം താൻ ഈ തീരുമാനത്തിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും താരം തുറന്നുപറഞ്ഞു.
രജനികാന്തിനോടുള്ള അടങ്ങാത്ത ആരാധനയും അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കുമ്പോൾ ലഭിക്കുന്ന അനുഭവങ്ങളുമാണ് 'ജയിലർ 2'-ൽ അഭിനയിക്കാൻ തനിക്ക് പ്രേരണയായതെന്ന് അഭിമുഖത്തിൽ സേതുപതി വ്യക്തമാക്കി. 'രജനി സാറിന്റെ സിനിമയിൽ ഞാൻ ഒരു അതിഥി വേഷം ചെയ്താൽ ആളുകൾ എന്നെ ശ്രദ്ധിക്കുക പോലുമില്ല. എന്നാൽ മറ്റ് സിനിമകളിൽ അങ്ങനെ ചെയ്യുമ്പോൾ അത് എന്റെ സ്വന്തം ചിത്രങ്ങളുടെ വ്യാവസായിക വിജയത്തെ ബാധിക്കും' വിജയ് സേതുപതി വിശദീകരിച്ചു. ദശാബ്ദങ്ങളായി സിനിമാലോകത്ത് സൂപ്പർസ്റ്റാറായി നിലനിൽക്കുന്ന അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിഥി വേഷങ്ങൾക്ക് പുറമെ വില്ലൻ വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിലും താൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നായക കഥാപാത്രത്തെ മാത്രം ഉയർത്തിക്കാട്ടാൻ വേണ്ടി സൃഷ്ടിക്കുന്ന സാധാരണ വില്ലൻ വേഷങ്ങളിൽ തനിക്ക് താല്പര്യമില്ല. തിരക്കഥക്ക് അത്രയേറെ അനിവാര്യവും പ്രകടന സാധ്യതയുള്ളതുമായ വില്ലൻ വേഷങ്ങൾ മാത്രമായിരിക്കും ഇനി സ്വീകരിക്കുക.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' 2026 ഒക്ടോബർ 15-നാണ് തിയറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ, ശിവരാജ് കുമാർ, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, വിദ്യ ബാലൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ സാന്നിധ്യം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.