ഒരു നിമിഷത്തിന്‍റെ സവാരി ഗിരി ഗിരി മാറി പോയാൽ ഞാൻ തീരുമാനിച്ച് പോകും നിന്നെ ആർക്കും കൊടുക്കില്ല എന്ന്’; രാവണപ്രഭു കാണണമെന്ന് ആരാധകരോട് ‘ജാനകി’

മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ രാവണപ്രഭു ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. 4K ദൃശ്യ മികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയുമാണ് ചിത്രം റീ മാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്തിരിക്കുന്നത്. കാർത്തികേയനായി മോഹൻലാൽ അന്ന് തന്നെ ആരധകരുടെ മനസ്സിൽ സൂപ്പർ ഹീറോ ആയി മാറിയിരുന്നു. സിനിമയിലെ പല ഹിറ്റ്‌ ഡയലോഗുകളും ഇന്നും പ്രശസ്തമാണ്. ടി.വിയിൽ ഇന്നും നല്ല ആരാധകരുള്ള ഒരു സിനിമ കൂടെയാണ് രാവണപ്രഭു. കഴിഞ്ഞ ദിവസം റീ റിലീസിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രം തിയറ്ററിൽ കാണാമെന്ന് പറയുകയാണ് സിനിമയിലെ നായികയും ഗായികയുമായ വസുന്ധര ദാസ്.‘ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നു! നിങ്ങളുടെ അടുത്തുള്ള ഒരു തിയറ്ററിൽ പോയി കാണുക എന്നാണ് വസുന്ധര സോഷ്യൽമീഡിയയിൽ കുറിച്ചത്. എല്ലാവരും രാവണപ്രഭു വീണ്ടും തിയറ്ററിൽ വന്നു കാണണം. സവാരി ഗിരി ഗിരി എന്ന് പറഞ്ഞ് താരം പങ്കുവെച്ച വിഡിയോയും സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്.

രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 2001ൽ പുറത്തിറങ്ങിയചിത്രമാണ് രാവണപ്രഭു. 1993ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.

മോഹൻലാലിന്റേതായി മുമ്പ് പുറത്തിറങ്ങിയ നാല് റീ റിലീസുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ. ഈ നാല് റീ റിലീസുകൾക്കും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഭദ്രൻ ഒരുക്കിയ സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം നാല് കോടിയോളമാണ് സിനിമ റീ റിലീസിൽ തിയറ്ററിൽ നിന്നും വാരിക്കൂട്ടിയത്.

Full View

Tags:    
News Summary - Vasundhara Das asks fans to meet Ravanaprabhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.