'കടവുളേ അജിത്തേ'; വിജയ്‌യുടെ സിനിമ പ്രദർശനത്തിനിടെ അജിത്തിന് ജയ്‍വിളി, തിയറ്ററിൽ ഏറ്റുമുട്ടി ആരാധകർ

തമിഴ് നടന്മാരായ അജിത്തിന്റെയും വിജയ്‌യുടെയും രണ്ട് പഴയ ഹിറ്റ് ചിത്രങ്ങൾ വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുക‍യാണ്. അജിത്ത് നായകനായി 2023ൽ റിലീസായ തുനിവ്, 2016ലെ വിജയ് ചിത്രം തെറി എന്നിവയാണ് നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. പലപ്പോഴും അജിത്തിന്റെയും വിജയ്‌യുടെയും ആരാധകർ താരങ്ങളുടെ പേരിൽ സമൂഹമാധ്യമത്തിലും നേരിട്ടും തർക്കിക്കാറുണ്ട്. ആരാണ് മികച്ചതെന്നതാണ് തർക്കത്തിന്‍റെ അടിസ്ഥാന കാരണം.

ഇപ്പോഴിതാ, ഇരുവരുടെയും ആരാധകർ തമ്മിൽ ചെന്നൈയിലെ തിയറ്ററിൽ വെച്ച് സംഘർഷമുണ്ടായിരിക്കുകയാണ്. തെറി സിനിമയുടെ പ്രദർശനത്തിനിടെ അജിത്തിന്റെ ആരാധകർ 'കടവുളേ അജിത്തേ' എന്ന് പറഞ്ഞുകൊണ്ട് പ്രേക്ഷകരെ പരിഹസിച്ചുവെന്നാണ് ന്യൂസ് 7 തമിഴ് റിപ്പോർട്ട് ചെയ്തത്. ആരാധകർ ഉപയോഗിക്കരുതെന്ന് അജിത്ത് ആവശ്യപ്പെട്ട ഒരു വാചകമാണിത്. ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്. പിന്നീട് പൊലീസ് എത്തി ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു.

അതേസമയം, അജിത്തും വിജയ്‌യും തമ്മിൽ നല്ല ബന്ധം ഉണ്ടെന്നും പരസ്പര വിജയത്തിൽ അവർ വളരെ സന്തോഷിക്കുന്നുണ്ടെന്നും അജിത്തിന്‍റെ ജീവിതപങ്കാളിയും നടിയുമായ ശാലിനി പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തെ മനോഹരമെന്നാണ് ശാലിനി വിശേഷിപ്പിച്ചത്. വളരെക്കാലമായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന ശാലിനി, അടുത്തിടെ നടന്ന ജെ.എഫ്.ഡബ്ല്യു സിനിമ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.

വിജയ്‌യുടെ അവസാന ചിത്രമായ ജനനായകൻ സെൻസർഷിപ്പ് ക്ലിയറൻസിലെ കാലതാമസം കാരണം ഇപ്പോഴും റിലീസ് കാത്തിരിക്കുകയാണ്. കെ.വി.എൻ പ്രൊഡക്ഷൻസും സെൻസർ ബോർഡും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുകയാണ്. സെൻസർ ബോർഡിനെതിരായ പരാതി ബാനർ പിൻവലിച്ചതോടെ സെൻസർഷിപ്പ് പ്രക്രിയ പുനഃപരിശോധനാ കമ്മിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചു.

അജിത്ത് തന്റെ മോട്ടോർസ്പോർട്സ് ലോകത്ത് തിരക്കിലാണ്. അദ്ദേഹത്തിന്റെ റേസിങ് പരിപാടികൾക്കായി സെലിബ്രിറ്റികൾ ഇപ്പോഴും എത്തുന്നുണ്ട്. സംവിധായകൻ എ.എൽ. വിജയ് അജിത്തിന്‍റെ റേസിങ് ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ഡോക്യുമെന്ററി നിർമിക്കുന്നുണ്ട്. 

Tags:    
News Summary - Fans of Ajith, Vijay clash at theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.