വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിവാഹ വാർത്തകൾ സ്ഥിരീകരിച്ച് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും. തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും തങ്ങൾ വിവാഹിതരാവാൻ പോവുകയാണെന്ന് പങ്കുവെച്ചത്. ആരാധകർ സ്നേഹപൂർവം നൽകിയ ‘വിരോഷ്’ എന്ന പേരിലാണ് വിവാഹത്തെ അടയാളപ്പെടുത്തുന്നതെന്ന് താരങ്ങൾ പറഞ്ഞു. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാതിരുന്ന താരങ്ങൾ ആരാധകരുടെ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്.
‘ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുമ്പേ, ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിന് മുമ്പേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് പേരിട്ടു. ഞങ്ങളെ ‘വിരോഷ്’ എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. നിങ്ങൾ നൽകിയ സ്‌നേഹത്തിനുള്ള ആദരവാണിത്. എന്നും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങൾ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും, നിറഞ്ഞ സ്നേഹം'- രശ്മികയും വിജയ്‍യും കുറിച്ചു.
എന്നാൽ കുറിപ്പിൽ വിവാഹ തിയതിയോ എവിടെ വെച്ചാണ് വിവാഹിതരാകുന്നതെന്നോ പറയുന്നില്ല. അതേസമയം ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം നടക്കുക എന്ന് റിപ്പോർട്ടുണ്ട്. ഉദയ്പൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മാർച്ച് നാലിന് ഹൈദരാബാദിൽ വച്ചുള്ള റിസപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും എന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പേ വിജയ് ദേവരക്കൊണ്ടയുടേതെന്ന പേരിലുള്ള ക്ഷണക്കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവക്കാനും ആ വലിയ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാനിത് എഴുതുന്നത്. കുടുംബാംഗങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടെയും കൂടി ഞാനും രശ്മികയും 26.02.26 ന് വിവാഹിതരാകാൻ പോവുകയാണ്. വളരെ ചെറിയ ചടങ്ങാണ് നടക്കുന്നത്. ഞങ്ങളുടെ ജീവതത്തിലെ ഈ പുതിയ അധ്യായത്തിന് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഏറെ വിലപ്പെട്ടതാണ്. മാർച്ച് 4ന് വൈകുന്നേരം 7 മണി മുതൽ റിസപ്ഷൻ നടക്കും’ എന്നാണ് കത്തിലുള്ളത്. എന്നാൽ ഇതിലെ വിവരങ്ങളൊന്നും താരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
2018 ലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ‘ഗീത ഗോവിന്ദം’ എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധ നേടുകയും ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ശേഷം 2019ൽ ഡിയർ കോമ്രേഡിനായി ഇരുവരും വീണ്ടും ഒന്നിച്ചു. പിന്നാലെ താരങ്ങൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നു. പല പരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയതും മറ്റും ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ പ്രണയത്തിലാണോ എന്ന ചോദ്യത്തിൽ നിന്ന് പലപ്പോഴും ഇരുവരും ഒഴിഞ്ഞു മാറുകയായിരുന്നു. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് തങ്ങൾ വിവാഹിതരാവാൻ പോവുകയാണെന്ന് ഇരുവരും സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.