മറക്കില്ലൊരിക്കലും; കെ.പി.എ.സി ലളിതയുടെ ഓർമകൾക്ക് നാല് വയസ്

മലയാളികളുടെ പ്രിയപ്പെട്ട നടി കെ.പി.എ.സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. കണ്ണുനനയിച്ചും പൊട്ടിച്ചിരിപ്പിച്ചും ഒരായുസ്സ് മുഴുവൻ അഭിനയത്തിനായി സമർപ്പിച്ച വ്യക്തിത്വം. കാണികളെ കയ്യിലെടുക്കാൻ തന്‍റെ ശബ്ദം മാത്രം മതിയെന്ന് മതിലുകൾ സിനിമയിലൂടെ അവർ തെളിയിച്ചു. മണിച്ചിത്രത്താഴ്, ആദം ജോൺ സിനിമകളിലെ കഥപറച്ചിലുകൾ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നതായിരുന്നു. കോമഡിയും, നെഗറ്റീവ് റോളുകളും, അമ്മ വേഷങ്ങളുമെല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു.

കായംകുളം രാമപുരത്ത് കടക്കൽതറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്‍റെ ഭാര്യയായി. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. സ്കൂൾ കാലം മുതൽ നൃത്തത്തിൽ എറെ താൽപര്യമണ്ടായിരുന്ന ലളിത രാമപുരത്തെ സ്കൂളിലാണ് ആദ്യമായി വേദിയിൽ കയറിയത്. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ അവർ ശ്രദ്ധനേടി.

തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്‍റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.

മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്‍റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ സജീവമായി.

രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്. നൂറുകണക്കിന് സിനിമകളുടെ ഭാഗമായി മാറിയ കെ.പി.എ.സി ലളിത മലയാളി സിനിമ ആസ്വാദകരുടെ അമ്മ സങ്കൽപ്പങ്ങൾക്ക് പൂർണത നൽകിയ നടിയായി. 2000ൽ ശാന്തം എന്ന സിനിമയിലൂടെയും 1991ൽ അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി.

അമരം, കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം (1991) എന്നീ സിനിമകളിലെ അഭിനയത്തിന് 1991ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആരവം (1980), സൃഷ്ടി ച്ചര (1978), നീല പൊന്മാൻ , ഒന്നും ലെല്ലെ (1975) എന്നീ ചിത്രങ്ങൾക്കും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ കെ.പി.എ.സി ലളിതയെ തേടിയെത്തി.

പലവിധ വേഷപ്പകർച്ചകൾ തന്മയത്വത്തോടെ അതിഗംഭീരമായി കൈകാര്യം ചെയ്യാനള്ള കെ.പി.എ.സി ലളിതയുടെ കഴിവ് അവരെ ജനപ്രിയ നടിയാക്കി. അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ ആസ്വാദകരുടെ മനസിൽ എക്കാലവും മായാതെ നിൽക്കുന്നതാണ്. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളിൽ ശബ്ദവിന്യാസം കൊണ്ട് ലളിത തീർക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാൻ സാധിക്കില്ലായിരുന്നു.

എണ്ണമറ്റ അമ്മ-ഭാര്യ വേഷങ്ങൾ ചെയ്ത അവർ മലയാളിയെ ഒരേപോലെ കരയിപ്പിക്കുകയും കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത മികച്ച നടിയായി. കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ 550ലേറെ സിനിമയിൽ നിറഞ്ഞാടി.

Tags:    
News Summary - Remembering KPAC Lalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.