മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ ഉർവശി ആണ് എന്ന് അഭിപ്രായപെടാത്ത സഹ താരങ്ങൾ പോലുമില്ല. തനതായ അഭിനയ ശൈലി കൊണ്ട് അവർ നേടിയെടുത്തത് തന്നെയാണ് ആ പദവിയും. നടി ഉർവശി ദേശീയ അവാർഡ് സ്വീകരിക്കുന്നത് നേരിൽ കണ്ട സന്തോഷം പങ്കുവെക്കുകയാണ് ഉർവശിയുടെ മകൾ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ. ഉർവശി തന്റെ രണ്ടാമത്തെ ദേശീയ അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ തേജലക്ഷ്മിയും ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായിരുന്നു എന്നാണ് തേജലക്ഷ്മി സമൂഹമാധ്യമത്തിൽ കുറിച്ചു.
‘എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്ന്. അതിശയകരവും അഭിമാനകരവുമായ നിമിഷം. അമ്മക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് രണ്ടാമതും ലഭിക്കുന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നാണ്. ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്നു. ആ വേദിയിൽ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാറ്റിനുമുപരി മലയാള സിനിമയെ പ്രതിനിധീകരിച്ച് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി നമ്മുടെ ലാലേട്ടനെ ആദരിക്കുന്നത് കണ്ടപ്പോൾ സന്തോഷം ഇരട്ടിയായി. നമുക്കെല്ലാവർക്കും ശരിക്കും അഭിമാനകരമായ നിമിഷം’ എന്നാണ് കുഞ്ഞാറ്റ സോഷ്യൽമീഡിയയിൽ കുറിച്ചത്.
‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത്. മുമ്പ് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലെ അഭിനയത്തിനും ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. രണ്ട് തവണയും വനിതാ രാഷ്ട്രപതിമാരിൽ നിന്നാണ് പുരസ്കാരം ലഭിച്ചത്. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ഈ വർഷം മലയാള സിനിമയ്ക്ക് അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.