മോളിവുഡ് ടൈംസ്, അനുരാഗ് കശ്യപ്

നസ്ലെൻ ചിത്രം ‘മോളിവുഡ് ടൈംസി’നെ പ്രശംസിച്ച് അനുരാഗ് കശ്യപ്; ‘ഇതൊരു സ്വപ്നതുല്യമായ സൃഷ്ടി’

മലയാള സിനിമയിലെ യാഥാർത്ഥ്യങ്ങളെയും അണിയറയിലെ സംഘർഷങ്ങളെയും വളരെ കൃത്യമായി അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയമാവുകയാണ് അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്'. ചിത്രം കണ്ടതിന് ശേഷം സംവിധായകൻ അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ആധുനിക കാലത്തെ സിനിമാ പ്രേമികളുടെയും സ്വപ്നങ്ങളുടെയും നേർചിത്രമാണ് മോളിവുഡ് ടൈംസന്ന് കശ്യപ് അഭിപ്രായപ്പെടുന്നു.

‘ഇന്റർനെറ്റിനും സോഷ്യൽ മീഡിയക്കും ശേഷമുള്ള കാലത്തെ സിനിമാ പ്രേമിയായ ഒരു സംവിധായകന്റെ സ്വപ്നതുല്യമായ സൃഷ്ടിയാണ് ഈ ചിത്രം. ഒരുപാട് സത്യങ്ങളും അതേപോലെ ആദർശങ്ങളും ഇതിലുണ്ട്. അഭിനവ് സുന്ദർ നായക് എന്ന സംവിധായകൻ ഭാവിയിൽ കൂടുതൽ മികവുറ്റ സൃഷ്ടികൾ പുറത്തിറക്കുമെന്ന് തീർച്ചയാണ്. സിനിമാ മേഖലയിലെ യാഥാർത്ഥ്യങ്ങളെ അതേപടി അവതരിപ്പിക്കുമ്പോഴും, അതിൽ ഒളിപ്പിച്ചിരിക്കുന്ന ചെറിയൊരു റൊമാന്റിസിസം ചിത്രത്തിന് പ്രത്യേക ഭംഗി നൽകുന്നു. എനിക്ക് ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു’ അനുരാഗ് കശ്യപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.

മലയാള സിനിമയുടെ ഏറ്റവും മികച്ച ഹൊറർ സംവിധായകനാകാൻ ആഗ്രഹിക്കുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ കഥയാണ് 'മോളിവുഡ് ടൈംസ്'. സിനിമയിലെ കടുത്ത യാഥാർത്ഥ്യങ്ങളെ നേരിടുന്നതിനിടയിൽ അവൻ അനുഭവിക്കുന്ന സംഘർഷങ്ങളും ഒബ്സെഷനും രാഷ്ട്രീയവും വിട്ടുവീഴ്ചകളുമെല്ലാം ചിത്രം വളരെ സ്വാഭാവികമായി ചിത്രത്തിൽ അവതരിപ്പിക്കുന്നു.

ഒരു ഡാർക്ക് കോമഡി ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ രണ്ടാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ സക്സസ് ട്രയോലജിയിലെ രണ്ടാമത്തെ ഭാഗം കൂടിയാണിത്. നേരത്തെ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ഒരു ശൈലി അഭിനവ് കൊണ്ടുവന്നിരുന്നു. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലെനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

റോഷൻ ഷാനവാസ്, അൽതാഫ് സലിം, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, പ്രശാന്ത് അലക്സാണ്ടർ, ഗോപിക രമേഷ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിന് രാമു സുനിൽ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രം, മലയാള സിനിമയിലെ അണിയറയിലെ കഷ്ടപ്പാടുകളെയും കയ്പ്പേറിയ യാഥാർത്ഥ്യങ്ങളെയും വളരെ തമാശ നിറഞ്ഞ രീതിയിൽ അവതരിപ്പിച്ചതിലൂടെ ഇതിനകം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും വലിയ പ്രശംസ നേടിക്കഴിഞ്ഞു.

Tags:    
News Summary - Anurag Kashyap Praises Naslen’s Mollywood Times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.