ശ്വേത മേനോന്‍
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ ഭരണപരമായ പ്രതിസന്ധികള്‍ തുടരുന്നു. രമേഷ് പിഷാരടി കണ്‍വീനറായ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം മുന്‍സിഫ് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെ, പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതി വീണ്ടും സജീവമാകുന്നു. സംഘടനയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിച്ച് ചേര്‍ക്കാനുമാണ് ഭരണസമിതിയുടെ തീരുമാനം.
കഴിഞ്ഞ ജൂണ്‍ 21ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്‍ നേതൃത്വം നല്‍കുന്ന ഭരണസമിതിക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഭരണസമിതി രാജി പ്രഖ്യാപിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍, രാജി പ്രഖ്യാപിച്ചുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കാന്‍ ഭരണസമിതി തയാറായിരുന്നില്ല.
കൂടാതെ, കലൂരിലുള്ള സംഘടനയുടെ ഓഫീസ്, അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം തുടങ്ങിയവയുടെ നിയന്ത്രണം ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള സമിതി തുടര്‍ന്നും കൈവശം വെക്കുകയായിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധികാരത്തിന് കോടതി തടയിട്ട സാഹചര്യത്തില്‍, രാജിവെക്കാതെ തുടരുന്ന മുഴുവന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനാണ് ശ്വേത മേനോന്റെ തീരുമാനം. ഈ യോഗത്തിന് ശേഷം സംഘടനയുടെ കണക്കുകള്‍ അവതരിപ്പിക്കാനും, തുടര്‍ന്ന് എത്രയും വേഗം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമാണ് സമിതി ലക്ഷ്യമിടുന്നത്.
അതേസമയം, സംഘടനക്കുള്ളില്‍ ശ്വേത മേനോനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളും ജനറല്‍ ബോഡിയില്‍ അവര്‍ നേരിട്ട ഒറ്റപ്പെടലും 'അമ്മ'യില്‍ വരുംദിവസങ്ങളിലും വലിയ പ്രതിസന്ധികള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തനിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളിലടക്കം ശ്വേത മേനോന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘടനക്കുള്ളിലെ അധികാരത്തര്‍ക്കം പുതിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് സിനിമാ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.