ഐശ്വര്യ റായി, റാണി മുഖർജി, കരീന കപൂർ എന്നീ താരറാണികൾ ബോളിവുഡ് അടക്കിവാഴുന്ന കാലം. 2000ത്തിന്റെ മധ്യത്തിലായിരുന്നു അത്. അവരോട് മത്സരിക്കാൻ മറ്റ് താരങ്ങൾ ഉയർന്നുവന്നിട്ടുണ്ടായിരുന്നില്ല. ആ സമയത്താണ് പ്രീതി സിന്റയെന്ന സുന്ദരി ബോളിവുഡിന്റെ മനംകവർന്നത്. താര റാണിമാരോട് കിടപിടിക്കാൻ നിന്നില്ലെങ്കിലും പ്രീതി സിന്റ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. അവരുടെ സിനിമകളെ കുറിച്ച് ചർച്ചകൾ വന്നുകൊണ്ടേയിരുന്നു. അധികം വൈകാതെ, ബോളിവുഡിലെ അവരുടെ തലമുറയിലെ ഹീറോയിനായി പ്രീതി സിന്റയും വളർന്നു.
പണത്തിന് മുന്നിൽ പരുന്തും പറക്കില്ല എന്നാണ്. എന്നാൽ തന്റെ കൈവെള്ളയിൽ വന്നുചേരാനിരുന്ന 600 കോടി രൂപയുടെ സമ്മാനം ഒറ്റയടിക്ക് നിഷേധിക്കാൻ പ്രീതിക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടി വന്നില്ല. സംവിധായകൻ ഷന്ദർ അംറോഹിക്ക് പ്രീതിയോട് പ്രത്യേക വാൽസല്യമായിരുന്നു. പലപ്പോഴും തന്റെ മകളാണ് പ്രീതിയെന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്. 2011ൽ താൻ മരിച്ചാൽ സ്വന്തം പേരിലുള്ള 600 കോടി രൂപയുടെ സ്വത്ത് സ്വന്തം മക്കൾക്ക് നൽകില്ലെന്നും പ്രീതി സിന്റയുടെ പേരിൽ എഴുതിവെക്കുമെന്നും അംറോഹി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ആ ഓഫർ നിരസിക്കാൻ പ്രീതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അത് അംറോഹിക്ക് വലിയ വേദനയുണ്ടാക്കി. അതേസമയം, അംറോഹിയുടെ മരണശേഷം പ്രീതി സിന്റ അദ്ദേഹത്തിന്റെ മക്കൾക്കെതിരെ കോടതിയിൽ പോയി. ചികിത്സാവശ്യാർഥം അറോഹിക്ക് താൻ നൽകിയ രണ്ടുകോടി വായ്പ മടക്കിക്കിട്ടിയില്ലെന്ന് കാണിച്ചായിരുന്നു അത്.
എന്നാൽ ഇതൊന്നുമല്ല, മറ്റ് താരങ്ങൾക്കിടയിൽ പ്രീതി സിന്റയെ വ്യത്യസ്തയാക്കുന്നത്. മുംബൈ അധോലോകത്തിനെതിരെ നിലകൊണ്ട ഒരേയൊരു താരറാണി പ്രീതിയായിരുന്നു.
2001ൽചോരി ചോരി ചുപ്‌കെ ചുപ്‌കെ സിനിമയുടെ റിലീസിന് പിന്നാലെ നിര്‍മാതാക്കളായ ഭരത് ഷാ, നസീം റിസ്വി എന്നിവര്‍ അറസ്റ്റിലായി. അധോലോകത്തിന്റെ ഭീഷണിയിലും സമ്മര്‍ദത്തിലും പുറത്തിറക്കിയ സിനിമയായിരുന്നുവതെന്ന് പിന്നീട് തെളിഞ്ഞു. അധോലോക നേതാവ് ഛോട്ടാ ഷക്കീലാണ് സിനിമക്ക് പണമിറക്കിയത്. ഭൂരിപക്ഷം താരങ്ങളും ഈ കേസിൽ പ്രതികരിക്കാതെ നിലകൊണ്ടു.
ലാഭവീതം കിട്ടണമെന്നുമുള്ള ആവശ്യത്തിലായിരുന്നു ഛോട്ടാ ഷക്കീല്‍ ആ സിനിമയുടെ ഭാഗമായത്. ആ സിനിമയിലെ താരങ്ങളിലൊരാളായ പ്രീതി ഛോട്ടാ ഷക്കീലിനെതിരെ കോടതിയിൽ മൊഴി നൽകി. സംഘാംഗങ്ങളിൽ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് തനിക്ക് ഫോൺ വിളി വന്നതായി അവർ കോടതിയിൽ പറഞ്ഞു. അതിനു ശേഷം പ്രീതിക്ക് സായുധസേനയുടെ സുരക്ഷ നൽകാമെന് കേന്ദ്രമന്ത്രിയായിരുന്ന എൽ.കെ. അദ്വാനി വാഗ്ദാനം നൽകിയെങ്കിലും പ്രീതിയത് നിരസിച്ചു. പ്രീതിക്ക് പിന്നീട് ഗോഡ്ഫ്രെ ഫിലിപ്സ് ദേശീയ ധീരതാ അവാർഡ് ലഭിച്ചു.
ഷാരൂഖ് ഖാനും മനീഷാ കൊയ് രാളെയും അഭിനയിച്ച ദിൽസെ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു പ്രീതിയുടെ ബോളിവുഡ് അരങ്ങേറ്റം. മണിരത്നത്തിന്റെ സംവിധാനത്തിൽ 1997ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ തുടരെ തുടരെ നിരവധി ഹിറ്റുകൾ പ്രീതിയുടെ കരിയറിലുണ്ടായി. ദിൽ ചാഹ്തെ ഹെ, കോയി മിൽ ഗയ, കൽ ഹോ ന ഹൊ, വീർ സാര, കഭി അൽവിദ നാ കഹ്ന എന്നിവയായിരുന്നു ആ ഹിറ്റ് ചിത്രങ്ങൾ.
2007നു ശേഷം പ്രീതി ബോളിവുഡിൽ നിന്ന് പ്രീതി പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങി. രണ്ട് ഇംഗ്ലീഷ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴും ബോളിവുഡിലെ മികച്ച താരങ്ങളുടെ പട്ടികയിൽ പ്രീതി സിന്റക്ക് ഇടമുണ്ട്. 2013-14 വർഷങ്ങളിൽ ഇഷ്ഖ് ഇൻ പാരീസ്, ഹാപ്പി എൻഡിങ് എന്നീ ചിത്രങ്ങളിലൂടെ പ്രീതി മടങ്ങിയെത്തി. പിന്നീട് കരിയർ ഉപേക്ഷിക്കുകയായിരുന്നു. അരങ്ങൊഴിയുമ്പോൾ 32 വയസേ ഉണ്ടായിരുന്നുള്ളൂ ഈ താരറാണിക്ക്. ഇപ്പോൾ ലാഹോർ 1947 എന്ന ചിത്രത്തിലൂടെ വീണ്ടുമൊരു തിരിച്ചുവരവിന് തയാറെടുക്കുകയാണ് താരം. 2008 മുതൽ ഐ.പി.എൽ പഞ്ചാബ് കിങ്സിന്റെ ടീം ഉടമയാണ്. എല്ലാ ഐ.പി.എല്ലുകളിലും താരം സജീവമായുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.