ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ഇറങ്ങിയത് മുതൽ നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ട്. ധുരന്ധർ എന്ന ചിത്രത്തിൽ രൺവീർ സിങ്ങും സാറാ അർജുനും പ്രധാന വേഷങ്ങളിൽ എത്തിയതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. പ്രധാനമായും ഇരുവർക്കും ഇടയിലുള്ള പ്രായവ്യത്യാസമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി നടി സാറാ അർജുൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സാറ വ്യക്തമായ മറുപടി നൽകി. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും താൻ അതിനെ ബഹുമാനിക്കുന്നുവെന്നും സാറ പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ താൻ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നതിനാൽ ഇത്തരം ചർച്ചകൾ തന്നെ ബാധിച്ചിട്ടില്ലെന്ന് സാറ വ്യക്തമാക്കി. ‘സോഷ്യൽ മീഡിയയിൽ പല ചർച്ചകളും നടക്കുന്നുണ്ടാകാം, പക്ഷേ ഞാൻ അതിൽ സജീവമല്ല. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ ഉണ്ടാകും. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയിലെ കഥ എനിക്കറിയാമായിരുന്നു. ആ കഥാപരിസരത്ത് ഈ കാസ്റ്റിങ് തികച്ചും ന്യായമാണെന്ന് എനിക്ക് ഉറപ്പായിരുന്നു’ സാറ പറഞ്ഞു.
ചിത്രത്തിൽ സാറയുടെ കഥാപാത്രം ഒരു കൗമാരക്കാരിയും രൺവീറിന്റെ കഥാപാത്രം മുപ്പതുകളിലുമുള്ള ആളുമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. രൺവീറിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും സാറ വാചാലയായി. ‘ഭാവിയിൽ ഞാൻ ആരുടെ കൂടെ അഭിനയിച്ചാലും രൺവീറിനേക്കാൾ മികച്ച ഒരു സഹതാരം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഒരു മികച്ച നടൻ മാത്രമല്ല, സെറ്റിലുള്ള എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യക്തിയാണ്. സിനിമയെ ഒരു ടീം വർക്ക് ആയിട്ടാണ് അദ്ദേഹം കാണുന്നത്. എല്ലാവരെയും ഒരേപോലെ കൂടെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുന്നു’ സാറ കൂട്ടിച്ചേർത്തു.
ധുരന്ധർ 2025 ഡിസംബർ 5നാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ എത്തിയത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 മാർച്ചിൽ തിയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.