വർഷങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ശത്രുതാ ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ടാണ് തെന്നിന്ത്യൻ സിനിമാലോകത്തെ രണ്ട് മുൻനിര നായികമാർ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. നയൻതാരയും തൃഷയും ഒന്നിച്ചുള്ള ദുബായ് അവധിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഒരു ലക്ഷ്വറി ബോട്ടിലിരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. തൃഷയോടൊപ്പം ബോട്ടിൽ കളിച്ച് ചിരിക്കുന്ന ആറ് ചിത്രങ്ങളാണ് നയൻതാര പങ്കുവെച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ ഇവർ ഇത്രയും അടുപ്പത്തോടെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവ്വമാണ്. ഇരുവരും തമ്മിൽ വർഷങ്ങളായി പിണക്കത്തിലാണെന്ന തരത്തിൽ തമിഴ് സിനിമയിൽ വലിയ പ്രചരണമുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ആ ഗോസിപ്പുകളെല്ലാം അസ്ഥാനത്തായി.
ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇത് യഥാർത്ഥ ചിത്രമാണോ അതോ എ.ഐ ഉപയോഗിച്ച് നിർമിച്ചതാണോ എന്ന് പോലും പലരും സംശയം പ്രകടിപ്പിച്ചു. അത്രമേൽ അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും ഈ സൗഹൃദ നിമിഷങ്ങൾ. 2000ങ്ങളിലെ നമ്മുടെ പ്രിയപ്പെട്ട നായികമാർ വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
ചിത്രങ്ങൾ കണ്ടതോടെ സിനിമാ പ്രേമികളുടെ അടുത്ത ആവശ്യം ഇരുവരെയും പ്രധാന വേഷങ്ങളിൽ എത്തിച്ചുകൊണ്ട് ഒരു സിനിമ ഒരുക്കണം എന്നതാണ്. നിലവിൽ തൃഷയും നയൻതാരയും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സൗഹൃദം ഉടൻ തന്നെ ഒരു വലിയ സ്ക്രീൻ പ്രൊജക്റ്റായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.