നടൻ ഗോവിന്ദയെക്കുറിച്ചുള്ള നിരന്തരമായ കിംവദന്തികൾ കാരണം 2025 തനിക്ക് ഒരു മോശം വർഷമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ജീവിത പങ്കാളി സുനിത അഹൂജ വെളിപ്പെടുത്തിയിരുന്നു. വർഷങ്ങളായി തന്നെക്കുറിച്ച് പ്രചരിക്കുന്ന വിവാദങ്ങളിൽ നടൻ ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ അറിവില്ലാതെ അവരെ ഉപയോഗിച്ച് തനിക്കെതിരെ ദീർഘകാലമായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായിരിക്കാം വിവാദങ്ങളെന്ന് ഗോവിന്ദ അവകാശപ്പെട്ടു.
'എന്റെ വീട്ടിലെ സ്ത്രീകളെ ഞാൻ ഒരിക്കലും എതിർക്കാറില്ല - ഇതിൽ എന്റെ അമ്മയും അമ്മായിയമ്മയും ഭാര്യയും ഉൾപ്പെടുന്നു. എന്റെ ഭാര്യ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. അവിടെ അവർ എല്ലാത്തരം അഭിപ്രായങ്ങളും പങ്കിടുന്നു'. എന്റെ ഒരു സുഹൃത്ത് വളരെക്കാലമായി നിങ്ങൾക്കെതിരെ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. ഞാൻ 15 വർഷത്തിലേറെ മൗനം പാലിച്ചു. ഞാൻ പ്രാർഥനകളിലും ആത്മീയതയിലും വിശ്വസിക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കുമ്പോൾ, അത് ആരോ മനപൂർവം ചെയ്യുന്നു എന്നാണ് അർത്ഥമാക്കുന്നത്. ചിലപ്പോൾ, കുടുംബം ആരുടെയെങ്കിലും ആസൂത്രിതമായ ഗൂഢാലോചനയുടെ സ്വാധീനത്തിൽ പെട്ടോക്കാം. എല്ലാവരും ഗോവിന്ദയല്ല - ഗോവിന്ദ എ.എൻ.ഐയോട് പറഞ്ഞു.
'സുനിത നല്ല വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. അവർ ഒരിക്കലും അസഭ്യം പറയാറില്ല. ഞാൻ മൗനം വെടിയുകയോ ഇത്തരം കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്യാത്തതിനാൽ ആളുകൾ ഞാൻ ദുർബലനാണെന്നോ ഒരുപക്ഷേ യഥാർഥ ക്രൂരനാണെന്നോ കരുതുന്നു. അതുകൊണ്ടാണ് ഞാൻ ഒടുവിൽ ഉത്തരം നൽകുന്നത്. നിങ്ങളുടെ കുടുംബാംഗങ്ങൾ അറിയാതെ തന്നെ നിങ്ങൾക്കെതിരായ ഗൂഢാലോചനയിൽ അവരെ ഉപയോഗിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നു' -എന്ന് ഗോവിന്ദ വ്യക്തമാക്കി.
മിസ് മാലിനിയുമായുള്ള അഭിമുഖത്തിലായിരുന്നു സുനിത അഹൂജ ഗോവിന്ദയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംസാരിച്ചത്. '2025 എനിക്ക് ഒരു ദുരന്തമായിരുന്നു. എന്റെ കുടുംബജീവിതം തകർന്നു. ഗോവിന്ദയെക്കുറിച്ച് ചില കാര്യങ്ങൾ ഞാൻ കേട്ടുകൊണ്ടിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേട്ട കാര്യങ്ങളിൽ ഞാൻ സന്തുഷ്ടയായിരുന്നില്ല. ചില കാര്യങ്ങൾ ചെയ്യാൻ ഒരു പ്രായമുണ്ട്, 63 വയസ്സിൽ ഇവ കേൾക്കുന്നത് നല്ലതല്ല, പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികൾ വലുതാകുമ്പോൾ. കുടുംബം കുടുംബമാണെന്ന് അദ്ദേഹം മനസ്സിലാക്കണം, നിങ്ങൾ കുഴപ്പത്തിലാകുമ്പോൾ ആരും നിങ്ങളുടെ കൂടെ നിൽക്കില്ല. അവർ പണത്തിനുവേണ്ടി മാത്രമാണ് നിങ്ങളുടെ കൂടെ നിൽക്കുന്നത്' -എന്നാണ് സുനിത പറഞ്ഞത്. മകൻ യാഷിനെ ഗോവിന്ദ പിന്തുണക്കുന്നില്ലെന്നും സുനിത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.