കഴിഞ്ഞ വർഷം സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സൽമാൻ ഖാനും രശ്മിക മന്ദാനയും ഒന്നിച്ച 'സിക്കന്ദർ'. എ.ആർ. മുരുകദോസ് എന്ന ഹിറ്റ് മേക്കറുടെ സംവിധാനത്തിൽ സൽമാന്റെ ഭാഗ്യദിനമായ ഈദ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ ദയനീയമായി കൂപ്പുകുത്തുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും അണിയറയിൽ നടന്ന അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി രശ്മിക മന്ദാന.
താൻ സിനിമക്കായി കരാർ ഒപ്പിടുമ്പോൾ കേട്ട കഥയല്ല തിയറ്ററുകളിൽ എത്തിയതെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ രശ്മിക തുറന്നുപറഞ്ഞു. ‘ആദ്യം മുരുകദോസ് സർ പറഞ്ഞ സ്ക്രിപ്റ്റ് തികച്ചും വ്യത്യസ്തമായിരുന്നു. ബിഗ് ബജറ്റ് സിനിമകളിൽ ചിത്രീകരണത്തിനിടയിലും എഡിറ്റിങ്ങിലും മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ സിക്കന്ദറിന്റെ കാര്യത്തിൽ ഈ മാറ്റങ്ങൾ സിനിമയുടെ ഒഴുക്കിനെ തന്നെ ബാധിച്ചു’-രശ്മിക പറഞ്ഞു.
ചിത്രത്തിൽ സൽമാന്റെ ഭാര്യയുടെ വേഷമാണ് രശ്മിക ചെയ്തത്. ആദ്യ പകുതിയിൽ തന്നെ നായിക കൊല്ലപ്പെടുകയും ബാക്കി ഭാഗം സത്യരാജ് അവതരിപ്പിച്ച വില്ലനോടുള്ള നായകന്റെ പ്രതികാരവുമായിട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ഈ കഥാഗതി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല എന്നതാണ് പ്രധാന വിലയിരുത്തൽ. ഏകദേശം 200 കോടി രൂപ മുടക്കി നിർമിച്ച ചിത്രം ഇന്ത്യയിൽ നിന്ന് വെറും 110.1 കോടി രൂപ മാത്രമാണ് നേടിയത്. ലോകമെമ്പാടുമായി 184.6 കോടി രൂപയാണ് ആകെ സമാഹരിച്ചത്. നിർമാണച്ചെലവ് പോലും തിരിച്ചുപിടിക്കാൻ കഴിയാത്തതിനാൽ ചിത്രം ഒരു വൻ സാമ്പത്തിക പരാജയമായി പ്രഖ്യാപിക്കപ്പെട്ടു.
സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു. 'മാതൃഭാഷയിൽ ഒരു സിനിമ ചെയ്യുമ്പോൾ ഇപ്പോഴത്തെ ട്രെൻഡിനെക്കുറിച്ചും എന്താണ് നടക്കുന്നതെന്നും പൂർണമായും നമുക്ക് അറിയാൻ സാധിക്കും. ഓരോ ദിവസം ഓരോ ട്രെൻഡുകളാണ് ഉണ്ടാകുന്നത്. ആ ട്രെൻഡുകളുമായി ചേർന്ന് കഥ പറയുമ്പോൾ അത് പ്രേക്ഷകർക്ക് കൂടുതൽ കണക്ട് ആകും. എന്നാൽ മറ്റൊരു ഭാഷയിൽ സിനിമ ചെയ്യുമ്പോൾ അവിടത്തെ ട്രെൻഡ് എന്താണെന്ന് നമുക്ക് മനസിലാകില്ലെന്നാണ് ചിത്രത്തിന്‍റെ സംവിധായകൻ മുരുഗദോസ് പറഞ്ഞത്.
സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തല സംഗീതമൊരുക്കിയത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.