തെന്നിന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും താരം തന്‍റെ സ്ഥാനം അടയാളപ്പെടുത്തി. നിലവിൽ ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായ നയൻതാര നിരവധി ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തിന്‍റെ കരിയറിലെ ഏറ്റവും കലക്ഷൻ നേടിയ ചിത്രം ഏതാണെന്നറിയുമോ? നയൻതാരയുടെ ഏറ്റവും കലക്ഷൻ നേടിയ അഞ്ച് ചിത്രങ്ങൾ ഇവയാണ്.
ജവാൻ
ഇന്ത്യയിലെ ബോക്സ് ഓഫിസ് കലക്ഷന്റെ അടിസ്ഥാനത്തിൽ നയൻതാരയുടെ നമ്പർ വൺ ചിത്രം ജവാനാണ്. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ തുടങ്ങിയവർ അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രം ആഭ്യന്തര ബോക്സ് ഓഫിസിൽ 640.20 കോടി രൂപ നേടി. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ നർമദ റായി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ കീഴിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ജവാൻ നിർമിച്ചത്.
സെയ് റാ നരസിംഹ റെഡ്ഡി
സെയ് റാ നരസിംഹ റെഡ്ഡിയാണ് താരത്തിന്‍റെ കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം. 2019ൽ പുറത്തിറങ്ങിയ തെലുങ്ക് ചരിത്ര ആക്ഷൻ ഡ്രാമയാണ് സൈ റാ നരസിംഹ റെഡ്ഡി. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് കൊനിഡെല പ്രൊഡക്ഷൻ കമ്പനി ബാനറിൽ രാം ചരൺ നിർമിച്ച ചിത്രം 188.60 കോടി കലക്ഷൻ നേടി. ആന്ധ്രാപ്രദേശിലെ റായലസീമ മേഖലയിൽനിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ചിരഞ്ജീവി, സുദീപ്, വിജയ് സേതുപതി, രവി കിഷൻ, ജഗപതി ബാബു, തമന്ന ഭാട്ടിയ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മന ശങ്കര വര പ്രസാദ് ഗാരു
നയൻതാരയുടെ ഏറ്റവും പുതിയ റിലീസാണ് മന ശങ്കര വര പ്രസാദ് ഗാരു. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾക്കുള്ളിൽ ചിത്രം 157.75 കോടി രൂപ കലക്ഷൻ നേടി. അനിൽ രവിപുടി രചനയും സംവിധാനവും നിർവ്വഹിച്ച തെലുങ്ക് ആക്ഷൻ കോമഡി ചിത്രമാണ് മന ശങ്കര വര പ്രസാദ് ഗാരു. ജനുവരി 12ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആറ് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 260 കോടി രൂപ കടന്നു. ചിരഞ്ജീവി, വെങ്കിടേഷ്, കാതറിൻ ട്രീസ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദർബാർ
രജനീകാന്തിനൊപ്പം നയൻതാര അഭിനയിച്ച ദർബാറും താരത്തിന്‍റെ കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഈ ചിത്രം ആഭ്യന്തര ബോക്സ് ഓഫിസിൽ 149.60 കോടി രൂപ നേടി. 2020 ജനുവരി ഒമ്പതിന് പൊങ്കൽ ദിനത്തോടനുബന്ധിച്ചാണ് ദർബാർ റിലീസ് ചെയ്തത്. രജനീകാന്തിനും നയൻതാരക്കും ഒപ്പം സുനിൽ ഷെട്ടി, നിവേദ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.
വിശ്വാസം
ശിവ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് വിശ്വാസം. ചിത്രത്തിൽ നിരഞ്ജന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അജിത് കുമാറായിരുന്നു നായകൻ. ചിത്രം 136.45 കോടി രൂപ നേടി. വിവേക്, തമ്പി രാമയ്യ, റോബോ ശങ്കർ, ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, അനിഖ സുരേന്ദ്രൻ, കലൈറാണി, സുജാത ശിവകുമാർ, രജിത, ആർ.എൻ.ആർ മനോഹർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.