കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്നും ഇന്നും അതിജീവിതക്കൊപ്പമെന്ന് നടന്‍ ബാബുരാജ്. കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു. എന്നാൽ വിഷയത്തിൽ ‘അമ്മ’ ഭാരവാഹികൾ പ്രതികരിക്കാത്തതിനെ ബാബുരാജ് വിമർശിച്ചു. നിലവിൽ അമ്മയുടെ തലപ്പത്തിരിക്കുന്ന സ്ത്രീകൾ പ്രതികരിക്കാൻ ബാധ്യസ്ഥരായിട്ടും ഒഴിഞ്ഞുമാറുകയാണെന്ന് ബാബുരാജ് ആരോപിച്ചു.
ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്നും മോഹന്‍ലാല്‍ മാറിയത് നന്നായെന്നും ബാബുരാജ് പറഞ്ഞു. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമ്മ പ്രസിഡന്റ് ശ്വേത മേനോനോ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് വൻ ചർച്ചക്ക് കാരണമായിരുന്നു. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഓഫിസിൽ നിന്ന് ഇരുവരും മടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ കേസിൽ കുറ്റവിമുക്തനായ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്ന കാര്യം എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ചചെയ്തുവെന്നുമുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.
അതേസമയം നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസിൽ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. കോടതി വിധിയെ അമ്മ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.
കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.